‘വടക്കന്‍’ വീരഗാഥ ബോക്‌സോഫീസ് ഹിറ്റാവും, തീര്‍ച്ച; അഡ്വ.ജയശങ്കര്‍

single-img
15 March 2019

കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍. രാഹുല്‍ ഗാന്ധി അധ്യക്ഷനായ ശേഷം വടക്കനെ പോലുള്ള യഥാര്‍ത്ഥ ജനനായകര്‍ അവഗണിക്കപ്പെടുന്നതായി പൊതുവെ പരാതിയുണ്ടെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ

കോണ്‍ഗ്രസ് വക്താവും എഐസിസി സെക്രട്ടറിയുമായ ഠോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. പുല്‍വാമ പ്രശ്‌നത്തില്‍ അഹിംസ പാര്‍ട്ടി കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി എന്ന് വടക്കന്‍ പറയുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷനായ ശേഷം ഇദ്ദേഹത്തെ പോലുള്ള യഥാര്‍ത്ഥ ജനനായകര്‍ അവഗണിക്കപ്പെടുന്നതായി പൊതുവെ പരാതിയുണ്ട്.

വടക്കുംനാഥന്റെ നാട്ടില്‍ മത്സരിക്കാന്‍ വളരെ മോഹിച്ചയാളാണ് വടക്കന്‍ജി. 2009ല്‍ അദ്ദേഹം തൃശൂര്‍ മണ്ഡലത്തില്‍ ആകമാനം വലിയ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ആര്‍ച്ച്ബിഷപ് ആന്‍ഡ്രൂസ് താഴത്തിന്റെയും വെളളാപ്പളളി നടേശന്റെയും അനുഗ്രഹം വാങ്ങി. അപ്പോഴെയ്ക്കും സിഎന്‍ ബാലകൃഷ്ണന്‍ ഉടക്കി: കുറ്റിച്ചൂലുകളൊന്നും ഇവിടെ വേണ്ട എന്നു വിലക്കി. അപമാനിതനായി വടക്കന്‍ജി പിന്‍വലിഞ്ഞു.

ബിജെപി തൃശൂര്‍ സീറ്റ് തുഷാര്‍ വെള്ളാപ്പള്ളിക്കു കൊടുത്ത നിലയ്ക്ക് ചാലക്കുടി മണ്ഡലത്തില്‍ വടക്കനെ പരീക്ഷിക്കാവുന്നതാണ്. വടക്കന്‍ വീരഗാഥ ബോക്‌സോഫീസ് ഹിറ്റാവും, തീര്‍ച്ച.