തിരുവല്ല സംഭവം വീണ്ടും; ഇത്തവണ പെൺകുട്ടി പെട്രോൾ ദേഹത്തൊഴിച്ച അക്രമിയിൽ നിന്നും ഓടി രക്ഷപ്പെട്ടു

single-img
15 March 2019

കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം. വ്യാഴാഴ്ച രാത്രി 7.15-ഓടെ പനമ്പിള്ളി നഗർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് സമീപമാണ് സംഭവം. ബൈക്കിലെത്തിയ മുഖംമൂടിയ ആളാണ് പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചത്. . പാലക്കാട് സ്വദേശിനിയാണ് പെൺകുട്ടി

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്‌സ് പഠിക്കുന്ന പെൺകുട്ടി ക്ലാസ് കഴിഞ്ഞ ശേഷം സുഹൃത്തിനോടൊപ്പം നടന്ന് വീട്ടിലേക്ക് മടങ്ങുന്ന വേളയിലാണ് ബൈക്കിലെത്തിയ മുഖംമൂടിയ ആൾ പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയ പെട്രോൾ പെൺകുട്ടിയുടെ ദേഹത്ത് ഒഴിച്ചത്. എന്നാൽ ഉടൻ ഓടി രക്ഷപ്പെട്ട പെൺകുട്ടി റോഡ് മുറിച്ചുകടന്ന് സമീപത്തെ കടയിൽ രക്ഷ തേടുകയായിരുന്നു.

നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി സ്ഥലത്തുനിന്ന്‌ കടന്നുകളഞ്ഞു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ എറണാകുളം സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

തിരുവല്ലയിൽ നടുറോഡിൽ വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.