വികെ ശ്രീകണ്ഠന്റെ ജയ്‌ഹോ നാളെ സമാപിക്കും; വന്‍ വിജയമെന്ന് വിലയിരുത്തല്‍

single-img
14 March 2019

പാലക്കാട് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്ര നാളെ സമാപിക്കും. കഴിഞ്ഞ മാസം 19 ന് തുടങ്ങിയ യാത്രയുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുന്നത് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ്. കെ സുധാകരനാണ് മുഖ്യ പ്രഭാഷകന്‍. 


25 ദിവസങ്ങള്‍കൊണ്ട് ജില്ലയിലെ 88 പഞ്ചായത്തുകളും 8 നഗരസഭകളും താണ്ടി 100 സ്വീകരണ പരിപാടികള്‍ ഏറ്റുവാങ്ങി 361 കിലോമീറ്ററാണ് വി കെ ശ്രീകണ്ഠന്റെ ജയ്‌ഹോ കാല്‍നടയായി സഞ്ചരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ പദയാത്രയില്‍ പങ്കെടുത്തിരുന്നു.


നിരവധി പ്രവര്‍ത്തകരാണ് യാത്രയുടെ ഭാഗമായി മറ്റുപാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് വന്നത്. കോണ്‍ഗ്രസുമായി വര്‍ഷങ്ങളായി അകന്നു നിന്ന പ്രവര്‍ത്തകരെയും പാര്‍ട്ടിയുടെ കുടക്കീഴില്‍ എത്തിക്കാന്‍ ജയ്‌ഹോയിലൂടെ ശ്രീകണ്ഠന് സാധിച്ചു. ഇത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.


പദയാത്ര വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചു എന്നു തന്നെയാണ് സിപിഎമ്മിന്റെയും വിലയിരുത്തല്‍. പദയാത്ര സംസ്ഥാനമൊട്ടുക്കും വലിയ ചര്‍ച്ചയായി മാറിയിരുന്നു. എഐസിസി നേതൃത്വം യാത്രയുടെ വിശദാംശങ്ങള്‍ നേരിട്ട് ശേഖരിക്കുകയും ജയ്‌ഹോ മോഡല്‍ രാജ്യമെങ്ങും മാതൃകയാക്കാന്‍ ആലോചിക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം യാത്ര വന്‍ വിജയമായ സാഹചര്യത്തിൽ പാലക്കാട് മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. വി കെ ശ്രീകണ്ഠന്റെ പേരാണ് പാലക്കാട് സീറ്റിലേക്ക് കെപിസിസി പ്രഥമപരിഗണന നല്‍കി സമര്‍പ്പിച്ചിട്ടുള്ളത്. നേരത്തെ ഷാഫി പറമ്പില്‍ എംഎല്‍എയുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ നിലവിലെ എംഎല്‍എയായിരിക്കെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഫാഫി പറമ്പിലിന്റെ നിലപാട്.


ഇതോടെ വി കെ ശ്രീകണ്ഠന് തന്നെ നറുക്ക് വീഴുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നതിനിടെ, ‘നെല്ലറയുടെ നാട്’ പിടിക്കാന്‍ ശ്രീകണ്ഠന് മാത്രമെ കഴിയൂ എന്ന് അണികള്‍ക്കിടയില്‍ മുറവിളി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം പാലക്കാട് ഇത്തവണയും തങ്ങളെ കൈവിടില്ലെന്നു ഉറച്ച വിശ്വാസത്തില്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുകയാണ് പാലക്കാട്ടെ ഇടതുപക്ഷം. ലോക്‌സഭാ മണ്ഡലത്തിലുള്‍പെടുന്ന കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തിലും ഇടതുമുന്നണിക്കാണ് ഭൂരിപക്ഷം.
സംസ്ഥാനത്തു ഇടതുപക്ഷത്തിനു വന്‍ തകര്‍ച്ച നേരിട്ട 2009ല്‍ പോലും പാലക്കാട് ഇടതിനെ നെഞ്ചേറ്റിയിരുന്നു. 1,820 വോട്ടുകള്‍ക്കായിരുന്നു അന്നു രാജേഷ് സതീശന്‍ പാച്ചേനിയെ തോല്‍പിച്ചത്. 2014ല്‍ എംപി വീരേന്ദ്രകുമാറിനെ 1,05,300 വോട്ടുകള്‍ക്കു അടിയറവു പറയിച്ചും രാജേഷ് ലോക്‌സഭയിലെത്തി.


എ കെ ജിയെയും നായനാരെയും വിജയിപ്പിച്ച മണ്ഡലമായ പാലക്കാട്ട് ഏതു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും വിജയിക്കുമെന്നാണ് ഇടതുപക്ഷം അഹങ്കരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം ഇത്തവണ മല്‍സരത്തെ സ്വാധീനിക്കുമോ എന്നു ചെറുതായെങ്കിലും ഇടതുപക്ഷം ഭയപ്പെടുന്നുണ്ടതാണ് സത്യം. ഇതിനാലാണ് ഉറച്ച മണ്ഡലമായിട്ടും, എംപി എന്ന നിലയില്‍ മണ്ഡലത്തിലും ലോക്‌സഭയിലും മികച്ച പ്രകടനം കാഴ്ചവച്ച രാജേഷിനെ തന്നെ മല്‍സരത്തിനിറക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചത്.


ശബരിമല വിഷയം പോലുള്ളവ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്കിടയിലേക്കിറങ്ങുന്നത്. ഹിന്ദുത്വര്‍ക്ക് സ്വാധീനമുള്ള പാലക്കാട് നഗരസഭയടക്കമുള്ളിടത്ത് മികച്ച വോട്ടു നേടാനായാല്‍ പാലക്കാടിന്റെ ചരിത്രം മാറ്റി എഴുതാമെന്നു കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു. ബിജെപിക്കു വോട്ടു നല്‍കുന്നതിലൂടെ രാജേഷിനു വിജയിക്കാനവസരം നല്‍കുകയാണെന്നും അതിനാല്‍ ഇത്തവണ കോണ്‍ഗ്രസിനെ പിന്തുണക്കണമെന്നുമാണ് കോണ്‍ഗ്രസ് പ്രചാരണം.