തരൂരിൻ്റെ മുന്നുഭാര്യമാർ മരിച്ചതെങ്ങനെയാണെന്നുള്ളതിൻ്റെ ഉത്തരം ശ്രീധരൻ പിള്ളയ്ക്കു കോടതിയിൽ പറയാം; അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ശ്രീധരൻപിള്ളയ്ക്കെതിരെ തരൂർ കോടതിയിലേക്ക്

single-img
14 March 2019

വ്യക്തിജീവിതത്തെ കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്കെതിരെ പരാതി നൽകാനൊരുങ്ങി ശശി തരൂർ. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മളനത്തിനിടെയായിരുന്നു തരൂരിന്റെ വ്യക്തി ജീവിതത്തെ പരാമർശിച്ച് ശ്രീധരൻ പിള്ളയുടെ വിവാദ പരാമർശം.

തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നതെന്നും ബിജെപിയോ താനോ അത് ചോദിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പക്ഷെ ജനങ്ങൾ ചോദിക്കുന്നുണ്ടെന്നുമായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകൾ.

ഭാര്യമാരിൽ രണ്ടാമത്തെയാൾ അടൂര്‍കാരിയാണെന്നും അടൂരിലെ അഭിഭാഷകൻ മധുസൂദനൻ നായരുടെ അനന്തരവളായിരുന്നു അവരെന്നും ശ്രീധരൻ പിള്ള പറയുന്നു. കേസ് നിയമോപദേശത്തിനായി തന്റെ അടുത്ത് വന്നിരുന്നതായും വാര്‍ത്താസമ്മേളനത്തിനിടെ പിള്ള പറയുന്നുണ്ട്.

ഇത്തരം കാര്യങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ താൽപര്യമില്ലാത്തത് കൊണ്ട് മാത്രമാണ് പുറത്ത് പറയാത്തതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. അതിന് ശേഷം മൂന്ന് ഭാര്യമാര്‍ മരിച്ചോ എന്ന സംശയവുമായി മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോൾ രണ്ട് ഭാര്യമാര്‍ മരിച്ചെന്നും ഒരാൾ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയുമാണ് ഉണ്ടായതെന്നുമാണ് പിള്ള തിരുത്തിയത്.

അതേസമയം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ നൽകിയ മാനനഷ്ട കേസിൽ തരൂർ ഇന്ന് കോടതിയിൽ ഹാജരാകും.