കേന്ദ്ര സർക്കാരിന് റാഫേൽ കുരുക്ക് മുറുകുന്നു; ഔദ്യോഗിക രഹസ്യ നിയമത്തിന് മുകളിൽ വിവരാവകാശ നിയമത്തിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി

single-img
14 March 2019

ന്യൂഡൽഹി: റാഫേൽ ഇടപാടിലെ പുനപ്പരിശോധനാ ഹരജികളില്‍ കേന്ദ്രസർക്കാർ നിലപാടുകൾക്ക് മേൽ സുപ്രീം കോടതിയുടെ കുരുക്ക് മുറുകുന്നു. പൗരന്മാർക്കുള്ള വിവരാവകാശ നിയമത്തിന് രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യ നിയമത്തിന് മുകളിലും അധികാരമുണ്ടെന്ന് ജസ്റ്റിസ് കെ.എം ജോസഫ് നിരീക്ഷിച്ചു. റാഫേൽ ഇടപാടുമായി ഇതിനോടകം പ്രസിദ്ധീകരിക്കപ്പെട്ട രേഖകള്‍ക്ക് ഇനി എന്ത് രഹസ്യസ്വഭാവമാണ് ഉള്ളതെന്ന് ജസ്റ്റിസ് എ.കെ കൌള്‍ ചോദിച്ചു.

അനുമതിയില്ലാതെ സർക്കാർതല രേഖകള്‍ മോഷ്ടിച്ച് പരസ്യമാക്കുകയായിരുന്നുവെന്ന് എ.ജി കോടതിയിൽ വാദിച്ചു. എന്നാൽ എ.ജിയുടെ ഈ വാദങ്ങളെ ഹർജിക്കാര്‍ എതിര്‍ത്തു. പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ ആണ് ഹർജിക്കാര്‍ക്കായി പ്രധാനമായും വാദിച്ചത്. സുപ്രീം കോടതി പരിഗണിക്കുന്ന റാഫേൽ പുനപ്പരിശോധനാ ഹർജികളില്‍ ഇന്ന് വാദം പൂര്‍ത്തിയായി. സുപ്രീംകോടതി ഉത്തരവ് പറയാനായി മാറ്റി. ഹർജിക്കാർ കോടതിയിൽ സമര്‍പ്പിച്ച രേഖകള്‍ സ്വീകാര്യമാണോ എന്നതിലാണ് കോടതി ഉത്തരവ് പറയുക.