പി.ജെ ജോസഫിനു ഇടുക്കി നൽകാമെന്ന് കോൺഗ്രസ്; ഉടക്കി ലീഗ്

single-img
14 March 2019

പി.ജെ ജോസഫിനെ ഇടുക്കിയില്‍ യു.ഡി.എഫ് പൊതുസ്വതന്ത്രനായി മത്സരിപ്പിച്ചു താത്കാലികമായി കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു. പി.ജെ ജോസഫിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് നേരത്തെ തന്നെ ജോസഫ് വിഭാഗം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇടുക്കി വിട്ടുകൊടുത്ത് പി.ജെ ജോസഫിനെ യു.ഡി.എഫിന്റ പൊതുസ്വതന്ത്രനെന്ന നിലയില്‍ മല്‍സരിപ്പിക്കാന്‍ കോൺഗ്രസ് ആലോചിക്കുന്നത്.

എന്നാൽ ജോസഫിന് ഇടുക്കി സീറ്റ് നല്‍കാനുളള നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റ ഭാഗമായാണ് ഇടുക്കി ജോസഫിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതെന്നും, പി.കെ കുഞ്ഞാലിക്കുട്ടിയുമായി രാത്രി കോഴിക്കോട് നടക്കുന്ന കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നാണ് കോൺഗ്രസ്സ് നേതാക്കൾ നൽകുന്ന സൂചന.

നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയല്ലെങ്കില്‍ ഇടുക്കിയില്‍ ജയിക്കാന്‍ കോണ്‍ഗ്രസിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. പി.ജെ ജോസഫ് വന്നാല്‍ ജയം ഏളുപ്പമാകുമെന്നാണ് കണക്കുകൂട്ടല്‍. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീരുന്നതോടെ കോട്ടയത്തും വിജയം സാധ്യമാകുമെന്നും കോണ്‍ഗ്രസ് കണക്കൂകൂട്ടുന്നു.