അനധികൃത സ്വത്ത് സമ്പാദന കേസ്: മുന്‍ മന്ത്രി കെ.ബാബുവിന് തിരിച്ചടി

single-img
13 March 2019

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന് തിരിച്ചടി. കേസില്‍ വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അനധികൃത സ്വത്തില്ലെങ്കില്‍ വിചാരണയിലൂടെ പ്രതിക്ക് തെളിയിക്കാമെന്നു പറഞ്ഞ കോടതി വിടുതല്‍ ഹര്‍ജി തള്ളുകയും ചെയ്തു. എംഎല്‍എ എന്ന നിലയില്‍ ലഭിച്ച ആനുകൂല്യങ്ങള്‍ വഴിയാണ് അധിക സ്വത്തുണ്ടായതെന്നാണ് കെ. ബാബു കോടതിയില്‍ വാദിച്ചിരുന്നത്.

2007 ജൂലായ് മുതല്‍ 2016 മേയ് വരെ കെ.ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്. 49.45 ശതമാനം അനധികൃത സമ്പാദ്യമാണ് ഇക്കാലത്തുണ്ടാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ബാബുവിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജനുവരിയില്‍ ജാമ്യം അനുവദിച്ചിരുന്നു.