പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സ്ഥലത്ത് പൊലീസ് ഇമാമിനെ എത്തിച്ച് തെളിവെടുപ്പു നടത്തി; കേസിൽ പഞ്ചായത്തംഗം ഉൾപ്പെടെ നാലു എസ്ഡിപിഐ നേതാക്കൾ ഒളിവിൽ

single-img
13 March 2019

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ മുൻ ഇമാം ഷെഫീഖിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു കോടതി. ഉച്ചയ്ക്കു രണ്ടു മണിയോടെ കസ്റ്റഡിയിൽ ലഭിച്ചതിനെ തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഡി.അശോകന്റെ നേതൃത്വത്തിൽ പ്രതിയെ തെളിവെടുപ്പിനായി വിതുരയിലെത്തിച്ചു. പീഡനം നടന്ന പേപ്പാറയിലാണ് ആദ്യം തെളിവെടുപ്പു നടത്തിയത്.

നാലുദിവസത്തെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് പോക്സോ കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്. പീഡനത്തിനിരയായ പെൺകുട്ടിയുമായി കാറിലെത്തിയപ്പോൾ തൊഴിലുറപ്പു തൊഴിലാളികൾ തടഞ്ഞ സ്ഥലത്തായിരുന്നു പിന്നീട് തെളിവെടുത്തത്. പെൺകുട്ടിയെ ഇയാൾ കാറിൽ കയറ്റിയ വിതുര കലുങ്കിലെ കാത്തിരിപ്പു കേന്ദ്രം, ഷെഫീഖ്‌ വീടുപണിയുന്ന തൊളിക്കോട് തുരുത്തി, തൊളിക്കോട് ടൗൺ എന്നിവിടങ്ങളിലും തെളിവെടുപ്പു നടത്തി. .

കേസിൽ ഒരു പഞ്ചായത്തംഗം ഉൾപ്പെടെ നാലു എസ്ഡിപിഐ നേതാക്കളെയും ഷെഫീഖിന്റെ രണ്ട് ബന്ധുക്കളെയും പോലീസ് അന്വേഷിക്കുന്നുണ്ട്. ഷെഫീഖിനെ വിവിധയിടങ്ങളിൽ ഒളിവിൽ കഴിയാൻ സഹായിച്ചതും പണം നൽകിയതും ഇവരാണെന്നാണ് സംശയം.

ഷെഫീഖിന്റെ സഹോദരങ്ങളായ അൽ അമീൻ, നൗഷാദ്, സഹോദരീഭർത്താവ് കബീർ, ഡ്രൈവർ ഫസിൽ എന്നിവരെ കേസിൽ അറസ്റ്റുചെയ്തിരുന്നു. വെെറ്റില പേ ആൻഡ് പാർക്കിലാണ് ഷെഫീഖ്‌ രക്ഷപ്പെട്ട വാഹനം ഒളിപ്പിച്ചിരുന്നത്. ഇവിടത്തെ ജീവനക്കാരിൽനിന്നു തെളിവെടുക്കും.