അക്കൗണ്ട് ബാലന്‍സ് ശൂന്യം: എടിഎമ്മില്‍ വെച്ച് പിടിച്ചുവാങ്ങിയ പണം യുവതിക്ക് തിരികെ നല്‍കി മോഷ്ടാവ്: വൈറലായി സിസിടിവി ദൃശ്യങ്ങള്‍

single-img
13 March 2019

ചൈനയിലെ ഹെയുവാനിലാണ് സംഭവം. ഐസിബിസി ബാങ്കിന്റെ എടിഎമ്മില്‍ എത്തിയ യുവതി പണമെടുത്ത ശേഷം തിരിയാന്‍ തുടങ്ങുമ്പോഴാണ് മോഷ്ടാവ് പിന്നിലെത്തുന്നത്. കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ കൈയിലുള്ള പണം പിടിച്ചു വാങ്ങുന്ന മോഷ്ടാവിനോട് യുവതി എന്തൊക്കെയോ അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം.

2,500 യുവാനാണ് യുവതിയുടെ അക്കൗണ്ടില്‍ ആകെ ഉണ്ടായിരുന്നത്. ഇക്കാര്യം യുവതി മോഷ്ടാവിനോട് ആവര്‍ത്തിച്ച് പറയുന്നുണ്ട്. തുടര്‍ന്ന് യുവതിയുടെ അഭ്യര്‍ഥന മാനിച്ച് കൗണ്ടറിലെ സ്‌ക്രീനില്‍ യുവതിയുടെ അക്കൗണ്ട് ചെക്ക് ചെയ്യാന്‍ മോഷ്ടാവ് തയ്യാറാവുകയും ചെയ്യുന്നു.

അക്കൗണ്ട് ശൂന്യമാണെന്ന് കണ്ടയുടനെ യുവതിയുടെ പണം തിരികെയേല്‍പിച്ച് ചിരിച്ചു കൊണ്ട് മോഷ്ടാവ് അവിടെ നിന്ന് പോകുന്നതും വീഡിയോയില്‍ കാണാം. എന്നാലും മോഷ്ടാവിന്റെ കരുണനിറഞ്ഞ പ്രവൃത്തി ഇയാളെ രക്ഷക്കെത്തിയില്ല. ഇയാളിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.