‘അയാം ദ ബോസ്’; എന്റെ ഓഫീസില്‍ വന്ന് ദേഷ്യപ്പെടാന്‍ നിങ്ങള്‍ക്ക് അധികാരമില്ല; ബിജെപി നേതാക്കളോട് പൊട്ടിത്തെറിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

single-img
13 March 2019

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ തര്‍ക്കം. ഇരിക്കാനുള്ള സീറ്റിനെ ചൊല്ലിയാണ് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ തര്‍ക്കമുണ്ടായത്. സിഇഒയുടെ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടിയാണ് ബിജെപി രോഷം പ്രകടിപ്പിച്ചത്.

എത്രയോ ഹാളുകള്‍ ഇവിടുണ്ടെന്നും അവ തുറന്നു കൂടേയെന്നും നേതാക്കള്‍ ചോദിച്ചു. തന്റെ ഓഫീസില്‍ വന്ന് തന്നോടു ദേഷ്യപ്പെടാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്നു ടിക്കാറാം മീണയും പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാബിനിലാണ് സര്‍വകക്ഷിയോഗം വിളിച്ചത്.

ബിജെപിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയും പദ്മകുമാറുമാണ് യോഗത്തിനെത്തിയത്. തുടക്കം തന്നെ ബിജെപി നേതാക്കള്‍ ടിക്കാറാം മീണയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

സാധാരണ ഈ ക്യാബിനിലല്ല സര്‍വകക്ഷിയോഗം ചേരുന്നതെന്നും കുറച്ചുകൂടി സൗകര്യമുള്ള ഹാളിലാണെന്നും ആനത്തലവട്ടം ആനന്ദന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതെല്ലാം ടിക്കാറാം മീണ നിരാകരിക്കുകയായിരുന്നു. ഇവിടെത്തന്നെയാണ് താന്‍ യോഗം വിളിച്ചത്.

ഇവിടെ തന്നെ അത് നടത്തുകയും ചെയ്യും എന്നും ടിക്കാറാം മീണ വ്യക്തമാക്കി. തര്‍ക്കങ്ങള്‍ക്കൊടുവില്‍ യോഗം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ക്യാബിനില്‍ തന്നെ പുനഃരാരംഭിച്ചു. 11 രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

അതേസമയം ശബരിമലയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചാല്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ നിലപാടിനോടു ബിജെപി കടുത്ത എതിര്‍പ്പാണ് അറിയിച്ചിട്ടുള്ളത്.