ബാലന്‍ വക്കീല്‍ ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളുടെ പട്ടികയിലേക്ക്; വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സിന് ഇത് ചരിത്രനേട്ടം

single-img
13 March 2019

ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളുടെ പട്ടികയിലേക്ക്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന് റിലീസ് ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി 21നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

ചിത്രം വിജയകുതിപ്പ് തുടരുമ്പോള്‍ ബോളിവുഡിലെ പ്രമുഖ നിര്‍മാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സിനും ഇത് അഭിമാന നിമിഷമാണ്. വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സിന്റെ മലയാളത്തിലെ ആദ്യ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.

‘ഞങ്ങള്‍ മലയാളത്തിലേക്ക് എത്തിയ ചിത്രം തന്നെ ഈ നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണ്. ആരെങ്കിലും സിനിമ കാണാനുണ്ടെങ്കില്‍ നഷ്ടം വരുത്താതെ വേഗം കാണണമെന്നും’ കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പറയുന്നു.

സംസാര വൈകല്യമുള്ള വക്കീലിന്റെ വേഷത്തില്‍ ദിലീപെത്തുന്ന ചിത്രത്തിലെ നായിക മംമ്ത മോഹന്‍ദാസാണ്. മൈ ബോസ്, ടു കണ്‍ട്രീസ് എന്നീ ഹാസ്യ ചിത്രങ്ങള്‍ക്കു ശേഷം ദിലീപ് – മംമ്ത മോഹന്‍ദാസ് ജോഡികള്‍ ഒന്നിച്ചത് കോടതി സമക്ഷം ബാലന്‍ വക്കീലിലാണ്. അജു വര്‍ഗീസ്, സിദ്ധിഖ്, ബിന്ദു പണിക്കര്‍, പ്രിയ ആനന്ദ്, ഭീമന്‍ രഘു എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സ്ത്രീപ്രേക്ഷകരുടെ വലിയ തിരക്ക് ആണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. പതിവ് ഉണ്ണികൃഷ്ണന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായ ട്രീറ്റ്‌മെന്റ് ആണ് ഈ ബാലന്‍ വക്കീലിന് സംവിധായകന്‍ നല്‍കിയത്. കോമഡിയും സസ്‌പെന്‍സും ആക്ഷനും ത്രില്ലും നിറഞ്ഞ ചിത്രത്തിന് ഹൗസ്ഫുള്‍ ഷോകളാണ് ആദ്യ ആഴ്ചകളില്‍ ദൃശ്യമായത്.

ഇതിനിടെ വലിയ തുകയ്ക്ക് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയി കഴിഞ്ഞു. തെലുങ്കിലും ഹിന്ദിയിലുമായി സൂപ്പര്‍താരങ്ങള്‍ ചിത്രത്തിന്റെ റീമേയ്ക്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഈ അടുത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന വലിയ ബിസിനസ്സ് ആണ് കോടതിസമക്ഷം ബാലന്‍ വക്കീലിലൂടെ ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സും പ്രമുഖ കമ്പനികളാണ് സ്വന്തമാക്കിയത്.

Viacom18 Motion Pictures is proud to be a part of #KodathiSamakshamBalanVakeel, the Malayalam Superhit film of the year!…

Posted by Viacom18 Studios on Tuesday, March 12, 2019