കൊല്ലത്ത് ഡോക്ടര്‍ ചമഞ്ഞ് വിവാഹത്തട്ടിപ്പ്: യുവതിയുടെ പേരില്‍ കേസ് എടുത്തു; രണ്ട് മക്കളുടെ അമ്മയായ യുവതി സൈനികനെ കബളിപ്പിച്ചത് ആദ്യ വിവാഹമെന്ന് പറഞ്ഞ്; കുടുക്കിയത് സഹോദരിയുടെ ബുദ്ധി

single-img
13 March 2019

ഡോക്ടര്‍ ചമഞ്ഞ് വിവാഹത്തട്ടിപ്പ് നടത്തിയെന്ന സൈനികന്റെയും ബന്ധുക്കളുടെയും പരാതിയില്‍ യുവതിയുടെ പേരില്‍ കൊട്ടാരക്കര പോലീസ് കേസ് എടുത്തു. ആള്‍മാറാട്ടം നടത്തി കോട്ടാത്തല മൂഴിക്കോട് സ്വദേശിയായ സൈനികന്‍ പ്രദീപിനെ വിവാഹം ചെയ്ത പുനലൂര്‍ കരവാളൂര്‍ സ്വദേശിനി റീന(അനാമിക)യ്‌ക്കെതിരേയാണ് കേസ് എടുത്തത്.

താന്‍ അനാഥയാണെന്നും എറണാകുളത്ത് ഇരിങ്ങാലക്കുടയിലെ അനാഥകേന്ദ്രത്തിലാണ് വളര്‍ന്നതെന്നുമാണ് ഇവര്‍ പ്രദീപിനെ ധരിപ്പിച്ചതെന്ന് പ്രദീപിന്റെ ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുപ്പത്തിലായ ഇവര്‍ 2014ല്‍ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം റെയില്‍വേയില്‍ ഗൈനക്കോളജിസ്റ്റായി ജോലികിട്ടിയെന്നറിയിച്ച് അനാമിക ചെന്നൈയിലേക്കു പോയി. വീടിനുമുന്നില്‍ ഡോക്ടറാണെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡും സ്ഥാപിച്ചു.

ഇടയ്ക്കിടെ കോട്ടാത്തലയില്‍ വന്നുപോയിരുന്ന അനാമിക ചികിത്സയ്ക്കും മറ്റാവശ്യങ്ങള്‍ക്കുമെന്ന പേരില്‍ പ്രദീപില്‍ നിന്ന് വലിയ തുക കൈക്കലാക്കിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതിനിടയില്‍ പ്രദീപിന്റെ അമ്മ മരിച്ചു. വീട് വൃത്തിയാക്കുന്നതിനിടയില്‍ റീന ശാമുവേല്‍ എന്ന പേരില്‍ ലഭിച്ച റെയില്‍വേ ടിക്കറ്റ് കണ്ടാണ് ബന്ധുക്കള്‍ക്ക് സംശയമുദിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനാമിക തന്നെയാണ് റീനയെന്നും കരവാളൂര്‍ സ്വദേശിനിയായ ഇവര്‍ക്ക് മറ്റു രണ്ടു വിവാഹങ്ങളിലായി രണ്ടു കുട്ടികളുണ്ടെന്നും അറിയുന്നത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് ബന്ധുക്കളായ സുമേഷ്, രാജേഷ്, ശിവന്‍ പിള്ള എന്നിവര്‍ പറഞ്ഞു.

പ്രദീപിന്റെ വീട്ടില്‍ റീനയെ കൂടാതെ പ്രദീപിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അമ്മ മരിച്ചത്. നല്ല ആരോഗ്യത്തോടെയുണ്ടായിരുന്ന അമ്മയുടെ മരണത്തില്‍ ദുരൂഹത തോന്നിയിരുന്നു. വൈകിട്ട് 6.30 ഓടെ വീട്ടിനുള്ളില്‍ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു.

സ്വാഭാവിക മരണം എന്ന നിലയിലാണ് അന്ന് മൃദേഹം ദഹിപ്പിച്ചത്. പിന്നീട് റീനയുടെ മുറിയില്‍ നിന്നും ഇന്‍സുലില്‍ സ്ട്രിപ്പുകളും സിറിഞ്ചുകളും കണ്ടെത്തിയപ്പോള്‍ ബന്ധുക്കള്‍ക്ക് നേരിയ സംശയം തോന്നി. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തപ്പോഴാണ് അമ്മയുടെ മരണത്തില്‍ സംശയം ബലപ്പെട്ടത്.

ഈ വിഷയം ചൂണ്ടിക്കാട്ടി കൊട്ടാരക്കര പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ മൃദേഹം ദഹിപ്പിച്ചതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് സാദ്ധ്യതയില്ല. റീനയെ കസ്റ്റഡിയില്‍ എടുത്തശേഷം മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചോദിക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

അതേസമയം, ആദ്യ രാത്രിയില്‍ റീനയുടെ അടിവയറ്റില്‍ ശസ്ത്രക്രിയ ചെയ്തതിന്റെ അടയാളം പ്രദീപ് കണ്ടെത്തിയിരുന്നു. മുന്‍പ് രണ്ട് തവണ സിസേറിയന്‍ നടത്തിയതിന്റെ അടയാളമായിരുന്നു ഇത്. എന്നാല്‍ അപ്പന്റൈറ്റിസിന് ഓപ്പറേഷന്‍ നടത്തിയതാണെന്ന് റീന പറഞ്ഞതോടെ പ്രദീപ് അത് വിശ്വസിച്ചു. കേസില്‍ കൊട്ടാരക്കര ഡിവൈ.എസ്.പി ദില്‍രാജിനാണ് അന്വേഷണ ചുമതല.

ഫോട്ടോ കടപ്പാട്: കേരളകൗമുദി