മോദി കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഗുജറാത്തിലെ പട്ടേല്‍ പ്രതിമ നടത്തിപ്പില്‍ പ്രതിസന്ധി; മൂന്നു മാസമായി ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ സമരത്തില്‍

single-img
12 March 2019

കഴിഞ്ഞ ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഗുജറാത്തിലെ പട്ടേല്‍ പ്രതിമ നടത്തിപ്പില്‍ പ്രതിസന്ധി. പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് മൂന്നു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ഗുജറാത്തി പത്രമായ ‘ദിവ്യ ഭാസ്‌ക്കര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിമയുടെ നടത്തിപ്പില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളും പുരുഷന്മാരുമായ സെക്യൂരിറ്റി ജീവനക്കാര്‍, പൂന്തോട്ട ജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ലിഫ്റ്റ് ജീവനക്കാര്‍, ടിക്കറ്റ് ചെക്കര്‍മാര്‍ എന്നിവരാണ് വലിയ സമരത്തിലേര്‍പ്പട്ടിട്ടുള്ളത്. അപ്‌ഡേറ്റര്‍ സര്‍വ്വീസസ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് ചൂഷണം ചെയ്യുന്നതായി പരാതിയുള്ളത്.

182 മീറ്റര്‍ ഉയരമുള്ള പ്രതിമയുടെ നിര്‍മ്മാണത്തിലെ ആദ്യ ഘട്ടത്തില്‍ തന്നെ പ്രതിഷധ സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. വലിയ രീതിയില്‍ പണം ഒഴുക്കി പ്രതിമ നിര്‍മ്മിക്കുന്ന നടപടിയെ വിമര്‍ശിച്ച പ്രതിപക്ഷ കക്ഷികള്‍ നിര്‍മ്മാണം രാഷ്ട്രീയ താത്പര്യങ്ങളാണ് എന്നാണ് വ്യക്തമാക്കിയിരുന്നത്.

പ്രദേശത്തെ ഗ്രോത്ര വിഭാഗവും പ്രതിമ നിര്‍മ്മാണം തങ്ങളുടെ ജീവിതരീതികളെ ബാധിക്കുമെന്ന് തുടക്കത്തില്‍ പരാതിപ്പെട്ടിരുന്നു. ഗുജറാത്തിലെ കച്ചിലുള്ള കര്‍ഷകരും പ്രതിമക്കെതിരെ രംഗത്ത് വന്നിരുന്നു. പ്രതിമക്ക് വേണ്ടി വെള്ളം വഴിമാറ്റി ഒഴുക്കുന്ന നടപടി കാരണം കര്‍ഷകര്‍ ദുരിതത്തിലാണെന്നായിരുന്നു പരാതി.

പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് ചോദിച്ച ഫണ്ട് അനുവദിക്കാത്ത ഭരണാധികാരിയാണ് പ്രതിമക്കായി 3000 കോടി ചെലവാക്കിയതെന്ന് നേരത്തെ, നടന്‍ പ്രകാശ് രാജും വിമര്‍ശിച്ചിരുന്നു. കേരളം ചോദിച്ചത് പിച്ചക്കാശല്ല നമ്മുടെ നികുതി പണമാണെന്നും പ്രകാശ് രാജ് തുറന്നടിച്ചിരുന്നു.