രാജിവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ ടെസ്റ്റ് നടത്താൻ സോണിയ അനുമതി നൽകിയത് രാഹുലിൻ്റേതല്ല, പ്രിയങ്കയുടെ സാംപിളിന്: വീണ്ടും വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ

single-img
12 March 2019

രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി വീണ്ടും കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടേയും മകനായ രാഹുല്‍ ഗാന്ധി എങ്ങനെ ഗാന്ധി എന്ന് പേരുള്ള ബ്രാഹ്മണനാകുമെന്ന് ചോദിച്ചതിനു പിന്നാലെയാണ് അനന്ത് കുമാര്‍ അപകീർത്തി പരാമർശവുമായി വീണ്ടും എത്തിയത്.

രാജിവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ മൃതദേഹം ചിതറിയ നിലയിലായിരുന്നു. ശരീരഭാഗങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ ടെസ്റ്റും അനിവാര്യമായിരുന്നു. എന്നാൽ ഡിഎൻഎ ഒത്തുനോക്കുവാനായി പ്രിയങ്കാ ഗാന്ധിയുടെ സാംപിൾ എടുക്കുവാനാണ് സോണിയാഗാന്ധി ആവശ്യപ്പെട്ടതെന്ന വാദവുമായാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. രാഹുലിൻ്റെ സാംപിൾ അല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇത്തരത്തിലുള്ളവരാണ് കോൺഗ്രസ് പാർട്ടിയിലുള്ളതെന്നും ഇവരെ വിജയിക്കാൻ അനുവദിക്കുന്ന ഇന്ത്യക്കാർ എന്തുകൊണ്ട് ഇൗ ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി പരദേശിയാണെന്നും ബ്രാഹ്മണനാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ തെളിവ് കൊണ്ടുവരാന്‍ സാധിക്കുമോ എന്നും ഹെഗ്‌ഡെ ചോദിച്ചിരുന്നു.

രാഹുല്‍ ഗാന്ധി സങ്കര സന്താനമാണെന്ന് നേരത്തെ അധിക്ഷേപിച്ച നേതാവാണ് അനന്ത് കുമാര്‍. കൂടാതെ മുസ്ലീങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഭരണഘടനയ്ക്കും എതിരെ നിരന്തരം പ്രസ്താവന നടത്താറുള്ള നേതാവാണ് ഹെഗ്‌ഡെ. ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവരുടെ കൈ വെട്ടണമെന്നായിരുന്നു ഇയാള്‍ ഒടുവില്‍ നടത്തിയ വിവാദ പ്രസ്താവന. താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ തേജോ മഹല്‍ എന്ന ശിവക്ഷേത്രമാണെന്നും മതേതരം എന്ന വാക്ക് ഉള്‍പ്പെടുന്നതിനാല്‍ ഭരണഘടന തിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുള്ള നേതാവാണ് അനന്ത് കുമാര്‍.