പുല്‍വാമ ചാവേറാക്രമണം; മുഖ്യ സൂത്രധാരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു

single-img
11 March 2019

രാജ്യത്തെ 40 സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ പുല്‍വാമ ചാവേറാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുദസിര്‍ അഹമദ് ഖാനെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ത്രാലിലെ പിംഗ്ലിഷ് മേഖലയില്‍ ഉണ്ടായ സൈന്യവും ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മുദസിര്‍, വണ്ടിയെത്തിച്ച രണ്ടാമന്‍, ഇരുവരേയും കൂടാതെ മറ്റൊരു ഭീകരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ആക്രമണത്തിന് ഉപയോഗിച്ച വാഹനം എത്തിച്ചയാളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പിംഗ്ലിഷ് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം ഇവിടെ തിരച്ചില്‍ നടത്തിയത്. തിരച്ചിലിനായി സൈന്യമെത്തിയപ്പോള്‍ ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

നേരത്തെ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഏകോപനം നിര്‍വഹിച്ചത് 23കാരനായ മദസിറാണെന്ന് തെളിഞ്ഞിരുന്നു. ചാവേര്‍ ആദില്‍ അഹമ്മദ് ദറുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നതായും കണ്ടെത്തിയിരുന്നു.