നിങ്ങളുടെ പാന്‍കാര്‍ഡ് റദ്ദാവാന്‍ ഇനി 21 ദിവസംമാത്രം

single-img
11 March 2019

മാര്‍ച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍കാര്‍ഡ് ഉപയോഗശൂന്യമായേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍ ബന്ധിപ്പിക്കണം. അതിനുള്ള അവസാന തിയതി മാര്‍ച്ച് 31ആണ്. കഴിഞ്ഞ വര്‍ഷംതന്നെ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ നിര്‍ജീവമാക്കിയിരുന്നു.

മാര്‍ച്ച് 31 എന്ന അവസാന ദിവസം പിന്നിട്ടാല്‍ ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍കൂടി നിര്‍ജീവമായേക്കാം. പാന്‍ നിര്‍ജീവമായാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നു മാത്രമല്ല റീഫണ്ട് ലഭിക്കുകയുമില്ല. നിലവില്‍ സാമ്പത്തികവുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങള്‍ക്ക് പാന്‍ ഉപയോഗിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിനും പാന്‍ ആവശ്യമാണ്.

ആധാര്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍ പാന്‍ അസാധുവാകുമെന്ന വ്യവസ്ഥയുള്ളതാണ് ആദായ നികുതി നിയമത്തിലെ 139 എഎ ഭേദഗതി. ബാങ്ക് അക്കൗണ്ടുമായോ, ടെലിഫോണ്‍ സേവനദാതാക്കളുമായോ ആധാര്‍ ബന്ധിപ്പിക്കുക നിര്‍ബന്ധമല്ലെന്നും എന്നാല്‍, ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യാന്‍ ഇത് നിര്‍ബന്ധമാണെന്നും കഴിഞ്ഞ സെപ്റ്റംബര്‍ 26ന് സുപ്രീംകോടതി വിധിച്ചിരുന്നു.

ആദായ നികുതി വകുപ്പിന്റെ ഇഫയലിംഗ് പോര്‍ട്ടലില്‍ www.incometaxindiaefiling.gov.in ലോഗിന്‍ ചെയ്തും അല്ലാതെയും പാന്‍ ആധാറുമായി ബന്ധിപ്പിക്കാം.