തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചു കെ സുരേന്ദ്രൻ; ബിജെപി ശബരിമല പ്രചാരണ വിഷയമാക്കും

single-img
11 March 2019

ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല ഉൾപ്പെടെയുള്ള മതപരമായ പ്രശ്നങ്ങൾ പ്രചാരണായുധമാക്കരുത് എന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ബിജെപി. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും, വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ ചർച്ച ചെയ്യുമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ വിഷയം ചർച്ചയാക്കരുതെന്ന് പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് അധികാരമില്ലെന്നും ബിജെപി നേതാവ് കെ.സുരേന്ദ്രൻ പറഞ്ഞു.

ശബരിമല ഉള്‍പ്പെടെയുള്ള മതപരമായ പ്രശ്നങ്ങള്‍ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുംവിധം പ്രചരണായുധമാക്കാനാവില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് രാഷ്ട്രീയപാർട്ടികൾക്കു നിർദ്ദേശം നൽകിയത്. മത‌ം, ദൈവം തുടങ്ങിയ വിഷയങ്ങള്‍ ‍സാമുദായിക ധ്രുവികരണം ഉണ്ടാകും വിധം പ്രചരണത്തിന് ഉപയോഗിക്കാനാവില്ല. 2018 സെപ്റ്റംബര്‍ 25 ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധിയെ അടിസ്ഥാനമാക്കി ഇത് കടുത്ത ചട്ടലംഘനമായി കണക്കാക്കും. ശബരിമല സംബന്ധിച്ച പ്രശ്നങ്ങള്‍ക്കും ഇത് ബാധകമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.

കൂടാതെ സ്ഥാനാര്‍ഥികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളുടെ വിവരങ്ങളും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.