പ്രധാനമന്ത്രിയ്ക്ക് ‘റെസ്റ്റില്ല’; ഓടിനടന്ന് ഉദ്ഘാടന മാമാങ്കം; ‘സൗകര്യമൊരുക്കി’ തെരഞ്ഞെടുപ്പ് കമ്മീഷനും

single-img
10 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ കുറേ ആഴ്ചകളിലായി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സുരക്ഷാ ഒരുക്കങ്ങളുടെ വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് അവസാന ഘട്ടത്തിലായതോടെയാണ് ഇനി ഏത് ദിവസം വേണമെങ്കിലും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ തയ്യാറെടുക്കുന്നത്.

സൂചനകള്‍ അനുസരിച്ച് ഏഴോ എട്ടോ ഘട്ടങ്ങളിലായി ഏപ്രില്‍ മെയ് മാസങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലാവധി കഴിയുന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പെ രാജ്യത്താകെ ഓടിനടന്ന് പ്രധാനമന്ത്രിയുടെ ഉദ്ഘാടന മാമാങ്കം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുകയും കേന്ദ്രസര്‍ക്കാരിന് വമ്പന്‍ പദ്ധതികളൊന്നും പ്രഖ്യാപിക്കാനും കഴിയാതെ വരികയും ചെയ്യും.

ഇതിനാലാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തിരക്കിട്ട് ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുള്ള ഒരു മാസം മോദി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തത് 28 തവണയാണ്. ഇതിനിടെ അദ്ദേഹം 157 പദ്ധതികളും ഉദ്ഘാടനം ചെയ്തു.

എന്നാല്‍ 2014 ല്‍ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുമ്പുള്ള മാസങ്ങളില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിംഗ് യാത്രകളൊന്നും നടത്തിയിരുന്നില്ല. തിരക്കിട്ട ഉദ്ഘാടന പരിപാടികളും ഉണ്ടായിരുന്നില്ല.

ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. മോദിക്ക് ഓടിനടന്ന് പരിപാടികള്‍ ഉദ്ഘാടനം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.