ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ വിട്ടയച്ചത് ആര്? മോദിയോട് രാഹുല്‍ ഗാന്ധി

single-img
9 March 2019

ഇന്ത്യന്‍ ജയിലില്‍ തടവിൽ കഴിയുകയായിരുന്ന ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ വിട്ടയച്ചത് ആരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. നമ്മുടെ പ്രധാനമന്ത്രിയോട് തനിക്ക് ഒരു ചെറിയ കാര്യം ചോദിക്കാനുണ്ട്. ആരാണ് ഇവരെ കൊന്നത്. ജെയ്‌ഷെ തലവന്‍ മസൂദ് ആസറാണോ?, അങ്ങനെയെങ്കില്‍ രാജ്യത്തെ 130 കോടി ജനങ്ങളോട് താങ്കള്‍ പറയണം ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞ മസൂദ് ആസറിനെ ആരാണ് പാക്കിസ്ഥാനിലേക്ക് വിട്ടയച്ചതെന്ന് – രാഹുല്‍ ഗാന്ധി ചോദിച്ചു.

കർണാടകയിലെ ഇലക്ഷൻ റാലി ഉത്‌ഘാടനം ചെയ്തുകൊണ്ടാണ് രാഹുൽ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിർശനം ഉന്നയിച്ചത്. കൂടാതെ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന് മാത്രമാണെന്നും അതിന് കാരണക്കാര്‍ കേന്ദ്രം ഭരിക്കുന്നവര്‍ തന്നെയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കാണ്ഡഹാര്‍ വിമാന റാഞ്ച ലിനെ തുടര്‍ന്ന് 1999ലാണ് അന്നത്തെ ബിജെപി സര്‍ക്കാര്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ വിട്ടയച്ചത്. ജെയ്‌ഷെ തലവന്‍ മസൂദ് അസറിനു പുറമേ ഉമര്‍ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെയും അന്നത്തെ ബിജെപി സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു. അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങായിരുന്നു 3 ഭീകരെയും കൊണ്ട് കാണ്ഡഹാറിലേക്ക് പോയത്. ഇതിനു ശേഷമാണ് ജെയ്‌ഷെ മുഹമ്മദ് രൂപീകരിച്ചത്.