നിങ്ങൾ പ്രകാശ തീവ്രത കൂടിയ ഹെഡ് ലൈറ്റ് ഉപയോഗിക്കുന്നവരും ഡിം ചെയ്യാൻ മടികാണിക്കുന്നവരുമാണോ; നിങ്ങളുടെ വാഹനത്തിൻ്റെ രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സും റദ്ദാകാൻ പോകുന്നു

single-img
9 March 2019

പ്രകാശ തീവ്രത കൂടിയ ഹെഡ് ലൈറ്റ് ഉപയോഗിക്കുന്നവർക്കും ഹെഡ് ലെെറ്റ് ഡിം ചെയ്യാത്ത വാഹനങ്ങള്‍ക്കുമെതിരേ  കർശന നടപടികളുമായി മോട്ടോര്‍വാഹന വകുപ്പ്. രാത്രിയിലെ വാഹനാപകടങ്ങള്‍ അടുത്തകാലത്തായി ഏറിയ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. രാത്രിയിൽ ഇത്തരം വാഹനങ്ങളെ കണ്ടെത്തുവാൻ പൊലീസുമായി ചേര്‍ന്ന് പരിശോധനകള്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.

പ്രകാശതീവ്രത കൂടിയ ഹെഡ്ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. അതോടൊപ്പം ഓടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്. നേരത്തേ, പിടികൂടിയവരില്‍നിന്ന് ഡിഫക്ടീവ് ലൈറ്റ് എന്ന് രേഖപ്പെടുത്തി 500 രൂപ പിഴയീടാക്കുകയാണ് ചെയ്തിരുന്നത്. ലൈറ്റ് ഡിം ചെയ്യാത്തതും ഹെഡ് ലൈറ്റ് ഇല്ലാത്തതും അവ തകരാറിലായതുമായ കേസുകള്‍ ഇതേ പേരിലാണ് പിഴയീടാക്കുന്നത്. ഇതിനു പുറമേയാണ് രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി.

ഹെവി വാഹനം ഓടിക്കുന്നവര്‍ക്ക് ചെറുവാഹനങ്ങള്‍ കണ്ടാല്‍ ലൈറ്റ് ഡിം ചെയ്യാന്‍ മടിയാണെന്നാണ് ഭൂരിഭാഗം വാഹനയാത്രക്കാരുടെയും പരാതി. ഇരുചക്രവാഹനങ്ങളടക്കം ചെറുവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കാണ് ഇതു കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. എതിര്‍ദിശയില്‍നിന്ന് വാഹനത്തിന്റെ പ്രകാശം നേരേ കണ്ണിലേക്കടിക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ക്ക് റോഡ് കാണാനാവാതെവരികയും ഇത് അപകടങ്ങള്‍ക്കു വഴിതെളിക്കുകയും ചെയ്യുന്നു.