പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസിലേക്ക് എത്തിയത് 10 ലക്ഷം പുതിയ പ്രവര്‍ത്തകര്‍’; കണക്കുകള്‍ പുറത്തുവിട്ട്‌ ഡാറ്റ അനലിറ്റിക്‌സ് വിഭാഗം

single-img
9 March 2019

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസില്‍ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായതോടെ 10 ലക്ഷം പുതിയ പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്ക് വന്നുവെന്ന് കോണ്‍ഗ്രസ് ഡാറ്റ അനലിറ്റിക്‌സ് വിഭാഗം. പ്രിയങ്കക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കിയ യുപിയില്‍ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വന്‍കുതിപ്പുണ്ടായെന്നും കണക്കുകള്‍ പറയുന്നു. പ്രിയങ്ക വരുന്നതിന് മുന്‍പ് യുപിയില്‍ 150,000 പ്രവര്‍ത്തകരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇപ്പോള്‍ അത് 350,000മായി മാറിയെന്ന് ഡാറ്റ അനലിറ്റിക്‌സ് വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു.

അതേസമയം, കോണ്‍ഗ്രസ് തങ്ങളുടെ ശക്തികേന്ദ്രമായി പരിഗണിക്കാത്ത തമിഴ്‌നാട്ടില്‍ പുതിയതായി 250,000 ബൂത്ത് തല പ്രവര്‍ത്തകര്‍ സംഘടനയിലേക്ക് വന്നുവെന്നും ഇവരുടെ കണക്കില്‍ പറയുന്നു. ഒരു മാസത്തിന് മുന്‍പ് കോണ്‍ഗ്രസിന് പ്രവര്‍ത്തകരായിട്ടുണ്ടായിരുന്നത് 5.4 മില്യണ്‍ ആയിരുന്നു. ഇപ്പോഴത് 6.4 മില്യണ്‍ ആയെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

“പ്രിയങ്കയുടെ നിയമനം വ്യക്തവും വലുതും ആയ മാറ്റമാണ് പ്രത്യേകിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങളുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രമല്ല തമിഴ്‌നാട്ടിലും കേരളത്തിലും വ്യക്തമായതും അത്ഭുതപ്പെടുത്തുന്നതുമായ ഉണര്‍വാണ് ബൂത്ത് തലത്തിലും രജിസ്‌ട്രേഷനിലും ഉണ്ടായിരിക്കുന്നത്. ” – പ്രവീണ്‍ ചക്രവര്‍ത്തി, കോണ്‍ഗ്രസ് ഡാറ്റ അനലിറ്റിക്‌സ് വിഭാഗം തലവന്‍.