ഭര്‍ത്താവിന്റെ മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ സംഭവം: രണ്ടാം ഭാര്യയും ആദ്യഭാര്യയിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുമക്കളും അറസ്റ്റില്‍

single-img
8 March 2019

മുംബൈ നഗരത്തിലാണ് പൊലീസിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. 45 കാരനായ കോണ്‍ട്രാക്ടര്‍ വര്‍ക്കര്‍ സുഷീല്‍ മിശ്രയുടെ മൂന്നാമത്തെ ഭാര്യ യോഗിത ദേവ്രയാണ് (35) കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് ഒന്നാം തിയതി നലസൊപാരയിലെ വിജനപ്രദേശത്ത് നിന്നും ഇവരുടെ മൃതദേഹം ലഭിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സംഭവത്തില്‍ രണ്ടാം ഭാര്യയും ആദ്യഭാര്യയിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുമക്കളും അറസ്റ്റിലായി.

ഉത്തര്‍പ്രദേശില്‍ കഴിയുന്ന ആദ്യഭാര്യയില്‍ സുശീലിനു രണ്ടു പെണ്‍മക്കളുണ്ട്. രണ്ടാം ഭാര്യ പാര്‍വതി മുംബൈയില്‍ തന്നെയാണു താമസിച്ചിരുന്നത്. 2017ല്‍ പാര്‍വതിയെ വിവാഹം കഴിച്ച മിശ്ര ആദ്യവിവാഹത്തിലെ രണ്ടു പെണ്‍മക്കള്‍ക്കൊപ്പം ഡോണ്‍ റോഡിലെ അപ്പാര്‍ട്ട്‌മെന്റിലാണു താമസിച്ചിരുന്നത്.

കുറച്ചു നാളുകള്‍ക്കു ശേഷം യോഗിതയെ കണ്ടുമുട്ടിയ മിശ്ര അവരെ വിവാഹം കഴിച്ചു. ഇതോടെ പാര്‍വതിക്കും കുട്ടികള്‍ക്കും നല്‍കിയിരുന്ന സാമ്പത്തിക സഹായം മുടങ്ങി. യോഗിതയ്ക്കു മുന്നില്‍ വച്ച് മിശ്ര അപമാനിക്കുക കൂടി ചെയ്തതോടെ പാര്‍വതിയുടെ പക വര്‍ധിച്ചു.

മിശ്ര ബിസിനസ് ആവശ്യങ്ങള്‍ക്കായി ഗുജറാത്തിനു പോയ തക്കം നോക്കി പാര്‍വതിയും മിശ്രയുടെ ആദ്യവിവാഹത്തിലെ രണ്ടു മക്കളും ചേര്‍ന്ന് യോഗിതയെ ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു. ഒരു പെണ്‍കുട്ടിയുടെ കാമുകനും ഇവരെ സഹായിക്കാന്‍ തയാറായി. ഇവര്‍ നാലു പേരും ചേര്‍ന്ന് ലിങ്ക് റോഡിലെ അപ്പാര്‍ട്ട്‌മെന്റിലെത്തി യോഗിതയെ കൊലപ്പെടുത്തിയെന്നാണു പൊലീസ് ഭാഷ്യം.

അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മദ്യം നല്‍കിയ പാട്ടിലാക്കിയാണ് ഇവര്‍ യോഗിതയുടെ അടുത്തെത്തിയത്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫഌറ്റിന്റെ കതക് തുറന്ന സംഘം ഉറങ്ങിക്കിടന്ന യോഗിതയെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്നു മൃതദേഹം പുതപ്പില്‍ കെട്ടി മാളിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച പൊലീസ് യോഗിതയുടെ മൃതദേഹം ഓട്ടോറിക്ഷയിലാണ് അവിടേയ്ക്ക് എത്തിച്ചതെന്നു വ്യക്തമായി. ഏതാണ്ട് നാലായിരത്തോളം ഓട്ടോറിക്ഷകള്‍ പരിശോധിച്ചതിലൂടെ മൃതദേഹം എത്തിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് കണ്ടെത്തി.

ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. യോഗിതയ്ക്ക് അസുഖമാണെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് നാലംഗ സംഘം ഓട്ടോ വിളിച്ചതെന്നു ഡ്രൈവര്‍ പറഞ്ഞു. പുതപ്പു ചുറ്റിയ നിലയില്‍ യോഗിതയുടെ മൃതദേഹം ഓട്ടോയില്‍ കയറ്റിയതിനാല്‍ ഡ്രൈവര്‍ക്കു മനസിലായില്ല.

ഒഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ അതേപോലെ തന്നെ നാലുപേരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് ഡ്രൈവര്‍ അറിയാതെ ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറും മിശ്രയുടെ ഒരു മകളും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.