‘ഞങ്ങള്‍ കേരളത്തിലെ സാധാരണ പിള്ളേരാ, ന്യൂട്ടണും ഐന്‍സ്റ്റീനും ഒന്നും അല്ല’; വിദ്യാഭ്യാസമന്ത്രിയുടെ എഫ്ബി പേജില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കൂട്ടക്കരച്ചില്‍

single-img
8 March 2019

ഈ വര്‍ഷത്തെ പ്ലസ് ടു വാര്‍ഷിക പരീക്ഷയിലെ കെമിസ്ട്രി ചോദ്യപേപ്പര്‍ വലിയ തോതില്‍ ബുദ്ധിമുട്ടിച്ചു എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. കുട്ടികളുടെ പഠന നിലവാരം അളക്കുന്ന തരത്തിലായിരുന്നില്ല, ചോദ്യമിട്ട അധ്യാപകരുടെ പാണ്ഡിത്യം തെളിയിക്കുന്ന വിധത്തിലായിരുന്നു ചോദ്യപേപ്പറെന്ന ആക്ഷേപം വ്യാപകമായിരുന്നു. പല വിദ്യാര്‍ഥികളും കരഞ്ഞുകൊണ്ടാണ് പരീക്ഷ ഹാളില്‍ നിന്ന് ഇറങ്ങിയത്.

ഇതോടെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ രേഷം മുഴുവന്‍ വിദ്യാഭ്യാസമന്ത്രിയുടെ എഫ്ബി പേജിലാണ് തീര്‍ത്തിരിക്കുന്നത്. പുനഃപരീക്ഷ വേണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ മൂല്യനിര്‍ണയം ഉദാരമാക്കണമെന്ന് ആവശ്യപ്പെടുന്നവരാണ് കൂടുതല്‍.

പരീക്ഷ എഴുതിയവരുടെ രക്ഷിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരും സങ്കടങ്ങള്‍ നിരത്തിയവരുടെ കൂട്ടത്തിലുണ്ട്. മന്ത്രിയുടെ മണ്ഡലമായ പുതുക്കാട് നിയോജകമണ്ഡലത്തിലെ ചക്കാലക്കടവ് പാലത്തിന് ഭരണാനുമതി കിട്ടി എന്നറിയിക്കുന്ന പോസ്റ്റിനു താഴേയും രസതന്ത്രമാണ് മുന്നില്‍. ‘പാലത്തിന്റെ കണക്കു നോക്കാതെ ഞങ്ങടെ കാര്യത്തില്‍ തീരുമാനമാക്കൂ സര്‍’ എന്നാണ് ഇതിലൊന്ന്.

നിവിന്‍ പോളി അഭിനയിച്ച ഒരു ചിത്രത്തിലെ പാട്ടായ ‘കാണാത്ത ലോകത്ത് ചെന്നപോലെ… കൈവിട്ട് താഴത്ത് വീണ പോലെ…’ ഉപയോഗിച്ചുള്ള ടിക് ടോക് വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മന്ത്രിയുടെ എഫ്.ബി. പേജിലെ ചില കമന്റുകള്‍ ഇങ്ങനെ:

*മോഡല്‍ പരീക്ഷ എന്നാല്‍ വരാന്‍ പോകുന്ന പരീക്ഷയുടെ പാറ്റേണ്‍ എന്നാണല്ലോ പറയുന്നത്. ആ പാറ്റേണില്‍ അല്ലായിരുന്നതിനാല്‍ ഇനി മോഡല്‍ പരീക്ഷ എന്ന പേര് മാറ്റുന്നതാ നല്ലത്.

*ഐ.എസ്.ആര്‍.ഒ. റേഞ്ചിലുള്ള ചോദ്യങ്ങള്‍ ആര്‍ക്കു വേണ്ടിയായിരുന്നു

*പാറിയ കിളികള്‍ക്ക് കണക്കില്ല

*ഇക്കൊല്ലത്തെ പിള്ളേര്‍ എന്താ അമേരിക്കയില്‍നിന്നു വന്നതാണോ

*അങ്ങയെപ്പോലെ ഉന്നതനിലയില്‍ എത്താനാ ഞങ്ങള്‍ പഠിക്കുന്നത്, അത് വേണ്ടേ…

*ഞങ്ങള്‍ ഒന്നു ജയിച്ചോട്ടെ

*അങ്ങയുടെ മക്കളുടെ സ്ഥാനത്ത് ഞങ്ങളെ കാണണം.

*ഞങ്ങള്‍ കേരളത്തിലെ സാധാരണ പിള്ളേരാ, ന്യൂട്ടണും ഐന്‍സ്റ്റീനും ഒന്നും അല്ല.

+2 exam കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാർത്ഥിയുടെ രോഷം🤔🤔🤔🤔ഷെയർ ചെയ്തു കാണുക#ഈ #പേജ് #ലൈക്ക് #ചെയ്യൂ

Posted by Kerala's Focus Media on Thursday, March 7, 2019