പാക് തടവില്‍ അഭിനന്ദനെ മണിക്കൂറുകളോളം നിര്‍ത്തിച്ചു; ഉറങ്ങാന്‍ അനുവദിച്ചില്ല

single-img
8 March 2019

ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് പാക് പിടിയില്‍ കടുത്ത പീഡനം അനുഭവിച്ചതായി റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ നടക്കുന്ന ഡിബ്രീഫിങ്ങിനിടെ അഭിനന്ദന്‍ ഇതേക്കുറിച്ച് വിശദീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പിടിയിലായ ആദ്യ 24 മണിക്കൂറില്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി അഭിനന്ദനെ പാക് സൈനികര്‍ മണിക്കൂറുകളോളം നിര്‍ത്തിച്ചു. ഉച്ചത്തില്‍ പാട്ടുവെച്ച് ഉറങ്ങാനും അനുവദിച്ചില്ല. കുടിക്കാന്‍ വെള്ളംപോലും നല്‍കിയില്ല. അടിച്ചതായും സൂചനയുണ്ട്.

തടവിലുണ്ടായ 60 മണിക്കൂറില്‍ കുറച്ചുനേരം മാത്രമേ പാക് വ്യോമസേന അഭിനന്ദനെ ചോദ്യംചെയ്തിരുന്നുള്ളൂ. ബാക്കിസമയം മുഴുവന്‍ കരസേനയുടെ കസ്റ്റഡിയിലായിരുന്നു. അഭിനന്ദനെ തടവിലാക്കിയതിനുനേരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ഇവരുടെ നിലപാടില്‍ അയവുവന്നത്. നല്ല രീതിയിലാണ് തടവുകാരനോട് ഇടപെടുന്നതെന്നറിയിക്കാന്‍ പിന്നീട് വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ശത്രുരാജ്യത്തിന്റെ പിടിയിലാവുന്ന സൈനികര്‍ ഇന്ത്യയുടെ സൈനികവിന്യാസത്തെക്കുറിച്ചും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സിയെക്കുറിച്ചും ആദ്യ 24 മണിക്കൂറെങ്കിലും മിണ്ടരുതെന്നാണ് നിര്‍ദേശം. ആ സമയത്തിനുള്ളില്‍ റേഡിയോ ഫ്രീക്വന്‍സിയിലും സൈനികവിന്യാസത്തിലും മാറ്റംവരുത്താനാണിത്. വലിയ തോതിലുള്ള പീഡനത്തിനിരയായിട്ടും അഭിനന്ദന്‍ നിര്‍ദേശം അക്ഷരംപ്രതി പാലിച്ചു.