”ഒരു വശത്ത് നിങ്ങള്‍ രേഖകള്‍ കാണാനില്ലെന്ന് പറയുന്നു; ഇതിന്റെ അര്‍ത്ഥം പുറത്ത് വന്ന രേഖകള്‍ സത്യസന്ധമാണ് എന്നല്ലേ; അഴിമതി നടന്നിട്ടില്ലെങ്കില്‍ മോദി എന്തിനാണ് റഫാല്‍ അന്വേഷണത്തെ ഭയപ്പെടുന്നത്”

single-img
7 March 2019

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയത് അന്വേഷിക്കണം. സുപ്രധാന രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് പറയുന്നതിന്റെ അര്‍ഥം രേഖകളിലുള്ളത് ശരിയായിരുന്നു എന്നാണ്. നിരപരാധിയാണെങ്കില്‍ മോദി എന്ത് കൊണ്ട് അന്വേഷണത്തിന് തയ്യാറാകുന്നില്ല. എല്ലാം അപ്രത്യക്ഷമാക്കുന്നതാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ പരിഹസിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.

കൃത്യമായ അഴിമതിയാണ് നടന്നിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള എല്ലാ തെളിവുകളുമുണ്ട്. അനില്‍ അംബാനിക്ക് അനധികൃതമായി പണം നല്‍കാനാണ് കരാര്‍ മനഃപൂര്‍വ്വം വൈകിപ്പിച്ചത്. പ്രധിരോധ വകുപ്പിന്റെയൊക്കെ എതിര്‍പ്പുകള്‍ മറികടന്നാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍ നടന്നത്. ഒരു ‘ബൈപാസ് സര്‍ജറി’യാണ് മോദി നടത്തിയിരിക്കുന്നത്.

റഫാല്‍ രേഖകള്‍ കാണാതായതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് പറഞ്ഞു. എന്നാല്‍ 30,000 കോടിയുടെ അഴിമതി നടത്തിയ സംഭവത്തില്‍ എന്ത് കൊണ്ടാണ് അന്വേഷണം വേണ്ടെന്ന് പറയുന്നത്. റഫാല്‍ ഇടപാടിലെ രഹസ്യരേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷണം പോയെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചതിന് പിന്നാലെയായാണ് രാഹുലിന്റെ വിമര്‍ശനം.

മോഷ്ടിച്ച രേഖകള്‍ തെളിവുനിയമപ്രകാരം കോടതിക്കു പരിശോധിക്കാമെന്നും അഴിമതി ആരോപണം വരുമ്പോള്‍ രാജ്യസുരക്ഷയുടെ പേരില്‍ സര്‍ക്കാരിനു സംരക്ഷണം തേടാനാകുമോയെന്നും കോടതി ചോദിച്ചത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ബലാക്കോട്ട് ആക്രമണത്തിന്റെ തെളിവുകളെ സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇക്കാര്യത്തില്‍ താന്‍ ഒന്നും പറയില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. വീരമൃത്യുവരിച്ച ചില സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബാംഗങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ ഇന്നയിച്ചതായി ഞാന്‍ വായിച്ചെന്നും രാഹുല്‍ പറഞ്ഞു.