റഫേൽ ഇടാപ്പാട്‌: രേഖകൾ പ്രസിദ്ധീകരിച്ച ഹിന്ദു ദിനപത്രത്തിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

single-img
7 March 2019

റഫേൽ യുദ്ധവിമാന ഇടപാടിനെ പറ്റി ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ചതാണെന്ന് സുപ്രീം കോടതിയെ അറിയിച്ചതിനു പിന്നാലെ പത്രത്തിനെതിരെ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഒഫീഷ്യൽ സീക്രട്ട് ആക്റ്റ് പ്രകാരം കേസെടുക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത് എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

പ്രശാന്ത് ഭൂഷണ്‍ അതീവ രഹസ്യ സ്വഭാവമുള്ള ഈ രേഖകള്‍ മോഷ്ടിച്ച് ദ ഹിന്ദുവിന് നല്‍കുകയായിരുന്നുവെന്നും ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ദേശീയ സുരക്ഷയെ അപകടത്തിലാക്കിയ സംഭവത്തില്‍ പ്രശാന്ത് ഭൂഷണും ഹിന്ദുവിനുമെതിരെ നടപടി വേണമെന്നും അറ്റോണി ജനറല്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വാര്‍ത്തയുടെ സ്രോതസ് തങ്ങള്‍ പുറത്തുവിടില്ലെന്നും നിങ്ങള്‍ എന്ത് തന്നെ പറഞ്ഞാലും ഞങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു വിവരവും ലഭിക്കാന്‍ പോകുന്നില്ലെന്നും ദ ഹിന്ദു ഗ്രൂപ്പ് ഓഫ് പബ്ലിഷിംഗ് ചെയര്‍മാന്‍ എന്‍ റാമും പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് കൂടുതൽ നടപടികളുമായി മുന്നോട്ടു പോകാൻ കേന്ദ്ര സർക്കാകർ തീരുമാനിച്ചത്. റഫേൽ കരാറിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകളെ പറ്റിയുള്ളതായിരുന്നു ഹിന്ദുവിന്റെ റിപ്പോർട്ട്. സർക്കാരിന്റെ തന്നെ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഹിന്ദുവിന്റെ വാർത്ത റിപ്പോർട്ട് ചെയ്തത്. ഈ രേഖകൾ പ്രധാനമന്ത്രിക്ക് അഴിമതിയിൽ ഉള്ള പങ്കിന്റെ തെളിവാണ് എന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. ഇതാണ് ഹിന്ദുവിനെതിരെ തിരിയാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.