അഭിനയം, രാഷ്ട്രീയം ഇപ്പോഴിതാ…ആലാപനവും

single-img
7 March 2019

നാല് പതിറ്റാണ്ടു നീണ്ട സിനിമ ജീവിതത്തിനിടയില്‍ രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയ എം.എല്‍.എ മുകേഷ് ഇക്കുറി ഗായകനായി അരങ്ങറ്റം കുറിക്കുകയാണ്. നടനും രാഷ്ട്രീയക്കാരനും അവതാരകനുമായി തിളങ്ങിയ താരം, മാധ്യമ പ്രവര്‍ത്തകന്‍ സുജിത് വിഘ്നേശ്വര്‍ സംവിധാനം ചെയ്യുന്ന ‘രമേശന്‍ ഒരു പേരല്ല’ എന്ന ചിത്രത്തിലാണ് ആദ്യമായി ആലപിക്കുന്നത്. ഇത് സുജിത്തിന്റെ ആദ്യ ചിത്രം കൂടിയാണ്.

ചിത്രത്തില്‍ ഗോവന്‍ രീതിയിലുള്ള ഗാനമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സുജിത് തന്നെ രചനയും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ജെമിനി ഉണ്ണികൃഷ്ണനാണ്. ശ്രീനാഥ് ഫെജോയാണ് വരികള്‍ എഴുതിയത്.

റിയലിസ്റ്റിക് സസ്പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറുടെ കഥയിലൂടെയാണ് മുന്നോട്ട് പോകുന്നത്. വാടക വണ്ടി എന്ന് പേര് നല്‍കിയ ചിത്രത്തിന് പിന്നീട് രമേശന്‍ ഒരു പേരല്ല എന്ന പേര് നല്‍കുകയായിരുന്നു. മുകേഷിന്റെ സഹോദരി പുത്രന്‍ ദിവ്യദര്‍ശനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

രാജേഷ് ശര്‍മ്മ, അരുണ്‍ നായര്‍, ഷൈലജ,മിനി, കൃഷ്ണ കുമാര്‍,കൃഷ്ണന്‍ ബാലകൃഷ്ണന്‍,ദേവന്ദ്ര നാഥ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്‌ക്കൂള്‍ ഓഫ് ഡ്രാമയിലെ നിരവധി കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമായി അണിനിരക്കുന്നുണ്ട്.