അക്കീരമന്‍ ഭട്ടതിരിപ്പാട് ബി.ഡി.ജെ.എസ്. വിടുന്നു

single-img
7 March 2019

ബി.ഡി.ജെ.എസ്. വൈസ് പ്രസിഡന്റ് അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാട് പാര്‍ട്ടി വിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്നുമാസമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന അക്കീരമന്‍, തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കൂടിയ നേതൃയോഗങ്ങളിലും പങ്കെടുത്തിരുന്നില്ല.

എസ്.എന്‍.ഡി.പി.യോഗ ഭാരവാഹികളുമായി ശബരിമല വിഷയത്തിലുണ്ടായ അകല്‍ച്ചയാണ് പാര്‍ട്ടി വിടാനുള്ള കാരണമായതായാണ് സൂചന. അതേസമയം യോഗക്ഷേമസഭാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് സഭാ മുന്‍ പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ തീരുമാനമെന്നും വിവരമുണ്ട്.

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയ ചൂഴാല്‍ നിര്‍മലന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബി.ഡി.ജെ.എസ്. വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയതിനു പിന്നാലെയാണ് വൈസ് പ്രസിഡന്റും പാര്‍ട്ടി വിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ഡി.ജെ.എസിന് ഇത് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.