റഫാലില്‍ രാജ്യസുരക്ഷാ പ്രശ്‌നം ഉയര്‍ത്താനാകില്ല, ബോഫോഴ്‌സിനും ഇത് ബാധകമാകുമോ?; മോദിസര്‍ക്കാരിനെ കുഴക്കി സുപ്രീംകോടതി

single-img
6 March 2019

റഫാല്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഉച്ചക്ക് ശേഷം അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ചും തമ്മില്‍ കടുത്ത വാദപ്രതിവാദം. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് എസ്.കെ കൗളും ബെഞ്ചിന്റെ ഭാഗമാണ്.

റഫാല്‍ കേസിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. അഡ്വ. പ്രശാന്ത് ഭൂഷണടക്കമുള്ളവരാണ് റഫാല്‍ കേസില്‍ പുതിയ രേഖകള്‍ പുറത്തു വന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോതിയെ സമീപിച്ചത്.

കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പുതിയ രേഖകള്‍ പരിഗണിക്കാനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ആദ്യം വ്യക്തമാക്കിയത്. പഴയ രേഖകളുടെ അടിസ്ഥാനത്തില്‍ വാദം പൂര്‍ത്തിയാക്കണമെന്ന് പ്രശാന്ത് ഭൂഷണോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ചില ഉദ്യോഗസ്ഥരുടെ കൂടി പങ്കാളിത്തത്തോടെ മോഷ്ടിക്കപ്പെട്ട രേഖകളാണ് ദ് ഹിന്ദു ദിനപത്രത്തില്‍ വന്നതെന്നാണ് എജി കെകെ വേണുഗോപാല്‍ വാദിച്ചത്.

മോഷ്ടിക്കപ്പെട്ട രേഖകള്‍ പ്രസിദ്ധീകരിച്ച ദിനപത്രം ഔദ്യോഗിക രഹസ്യനിയമപ്രകാരം കുറ്റമാണ് ചെയ്തത്. ദ് ഹിന്ദുവിനെതിരെ കേസെടുക്കണം. മാത്രമല്ല, പ്രതിരോധമന്ത്രിയുടെ മറുപടിക്കുറിപ്പില്ലാതെ തെറ്റിദ്ധരിപ്പിക്കും വിധം പകുതി മാത്രമാണ് പത്രത്തില്‍ വന്നത്. ഇതും കുറ്റകരമാണ്. കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

രണ്ടു ദിനപത്രങ്ങള്‍ക്ക് എതിരെയും ഒരു മുതിര്‍ന്ന അഭിഭാഷകന് എതിരെയും ക്രിമിനല്‍ നടപടിയെടുക്കുമെന്നാണ് കെ കെ വേണുഗോപാല്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനരേഖകളാണ് മോഷണം പോയത്. ഇത് അതീവ ഗൗരവതരമാണെന്നും അന്വേഷണം നടക്കുകയാണെന്നും കെ കെ വേണുഗോപാല്‍ വ്യക്തമാക്കി.

പ്രതിരോധ ഇടപാടുകള്‍ കോടതിയുടെ പരിധിയില്‍ വരില്ലെന്നും അദ്ദേഹം വാദിച്ചു. പാകിസ്താന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യയെ ആക്രമിക്കാന്‍ വന്നത്. എന്നാല്‍ പാകിസ്താനെ 1960 കളിലെ മിഗ് 21 വിമാനങ്ങള്‍ കൊണ്ടാണ് നമ്മള്‍ നേരിട്ടത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് റഫാല്‍ വിമാനം വാങ്ങേണ്ടതിന്റെ ആവശ്യകത കോടതിയെ ബോധിപ്പിക്കാന്‍ അറ്റോര്‍ണി ജനറല്‍ ശ്രമിച്ചു. റഫാല്‍ ജെറ്റ് വിമാനങ്ങള്‍ പറത്തുന്നത് പരിശീലിക്കാന്‍ വ്യോമസേന പൈലറ്റുമാരെ പാരീസിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

റഫാല്‍ രാജ്യസുരക്ഷക്ക് അനിവാര്യമാണെന്ന് വാദിച്ച എ.ജി വാദം കേള്‍ക്കുന്നതിനിടെ കോടതി മിതത്വം പാലിക്കണമെന്നും പറഞ്ഞു. എന്നാല്‍ റഫാലിന് വേണ്ടി വാദിച്ച അതേ സിദ്ധാന്തം ഉള്‍ക്കൊണ്ടാല്‍ ബോഫോഴ്‌സ് വിഷയം കോടതിയില്‍ വരുമ്പോഴും രാജ്യസുരക്ഷ വിഷയമാകുമോ എന്നു ജസ്റ്റിസ് കെ.എം ജോസഫ് ചോദിച്ചു.

രേഖകള്‍ സുപ്രീംകോടതിയുടെ മുന്നില്‍ വന്നതാണ്, അത് പരിശോധിക്കരുതെന്ന് എജിക്ക് പറയാനാകില്ലെന്ന് ജസ്റ്റിസ് കൗള്‍ വ്യക്തമാക്കി. മോഷണ മുതല്‍ പരിശോധിക്കാനുള്ള അധികാരം കോടതിക്കുണ്ട്, എവിഡന്‍സ് ആക്ടില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു. ഹര്‍ജിക്കാര്‍ പറയുന്ന രേഖകള്‍ പരിശോധിക്കാനേ കഴിയില്ലെന്നാണോ എജി വാദിക്കുന്നതെന്നും കോടതി ചോദിച്ചു.

അഴിമതി പോലെ ഗുരുതര കുറ്റം നടന്നെന്നു കരുതുക. അപ്പോള്‍ രാജ്യ സുരക്ഷയുടെ മറവില്‍ അതിനെ മൂടിവയ്ക്കുമോയെന്നു ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു. മോഷ്ടിച്ച രേഖകള്‍ പോലും പ്രസക്തമെങ്കില്‍ പരിഗണിക്കാമെന്ന് കോടതി നിരവധി വിധികളില്‍ പറഞ്ഞിട്ടുണ്ടെന്നു ജസ്റ്റിസ് കെഎം ജോസഫ് ചൂണ്ടിക്കാട്ടി. പുനപരിശോധന ഹര്‍ജിയില്‍ അന്വേഷണ ആവശ്യം ഉന്നയിക്കപ്പെടുമ്പോള്‍ ദേശീയ സുരക്ഷ എന്ന വിഷയം ഉയരുന്നതെയില്ലെന്നും അദ്ദേഹം പറഞ്ഞു.