റഫേൽ ഇടപാട്: സുപ്രീംകോടതിയിൽ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്രസർക്കാർ

single-img
6 March 2019

പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ‘ദി ഹിന്ദു’ ദിനപ്പത്രം മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് റഫേൽ ഇടപാടിൽ പുനപരിശോധന ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ചതെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. മാത്രമല്ല പ്രതിരോധ വകുപ്പിൽ നിന്നും മോഷണം പോയ രേഖകളെ കുറിച്ച് കേന്ദ്രസർക്കാർ അന്വേഷണം നടത്തുകയാണ് എന്നും സുപ്രീംകോടതിയിയെ കേന്ദ്ര സർക്കാർ അറിയിച്ചു.

റഫേൽ ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കവെയാണ് കേന്ദ്രസർക്കാർ വിചിത്ര വാദം ഉന്നയിച്ചത്. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്‍ററി സമിതിയുടെ പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും വിധിക്ക് ശേഷം നിരവധി പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും കാട്ടിയാണ് പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയത്.

റഫേൽ ഇടപാടുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ ഫയലുകൾ ആധാരമാക്കിയാണ് ഹിന്ദു ഓരോ ദിവസവും അഴിമതിയുടെ പുതിയ വാർത്തകൾ പുറം ലോകത്തെത്തിച്ചത്. സുപ്രീംകോടതി റഫേൽ ഇടപാടിനെ സംബന്ധിച്ച വിധി പുറപ്പെടുവിച്ച ശേഷമായിരുന്നു ‘ദി ഹിന്ദു’ ദിനപത്രം റഫേൽ ഇടപാടിലെ അഴിമതികളുടെ വിവരങ്ങൾ പുറത്തു കൊണ്ട് വന്നത്. ഇതിനെതിരെയാണ് സർക്കാർ ഇപ്പോൾ നടപടിയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.