കൊല്ലത്ത് കുറ്റിക്കാട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു

single-img
6 March 2019

കൊല്ലം കൊട്ടിയത്ത് ഏലായിലെ കുറ്റിക്കാട്ടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു. ഇരവിപുരം ഇടക്കുന്നത്ത് തൊടിയില്‍ വീട്ടില്‍ വിനീത് (30) ആണ് മരിച്ചത്. യുവതിയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ബന്ധുവും മൂന്നുകുട്ടികളുടെ അമ്മയുമായ ഇരുപത്തെട്ടുകാരിയാണ് യുവതി.

ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ ഇരവിപുരം ഇടക്കുന്നത്ത് കോളനിക്കടുത്തുള്ള കാരിക്കുഴി ഏലായിലാണ് സംഭവം. ഇവിടെ പടര്‍ന്നുകിടക്കുന്ന പുല്ലുകള്‍ക്കിടയില്‍ക്കയറി ഇവര്‍ മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. പുല്ലുകള്‍ക്കും തീ പിടിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

കൊല്ലത്തുനിന്ന് സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘമെത്തിയാണ് തീകെടുത്തിയത്. സംഭവമറിഞ്ഞെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം ഇരവിപുരം റെയില്‍വേ ലെവല്‍ ക്രോസില്‍ 15 മിനിറ്റോളം കുടുങ്ങിക്കിടന്നു. രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇതുകാരണം വൈകി. ആളിക്കത്തുന്ന തീയില്‍നിന്ന് നാട്ടുകാര്‍ ഏറെ സാഹസികമായാണ് ഇരുവരെയും പുറത്തെടുത്തത്.