സുരേന്ദ്രന്റെ നീക്കം ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെ

single-img
6 March 2019

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നും പിന്മാറാന്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ മുഴുവന്‍ സാക്ഷികളേയും വിസ്തരിക്കുക പ്രായോഗികമല്ലെന്നും സാക്ഷികള്‍ക്ക് സമന്‍സ് എത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെ. സുരേന്ദ്രന്റെ നീക്കം. കേസ് നീണ്ടുപോകുകയും ലോക്‌സഭ തിരഞ്ഞെടുപ്പിനു ശേഷം ഉപതിരഞ്ഞെടുപ്പ് നേരിടുന്നത് എളുപ്പമാകില്ലെന്നതിനാലുമാണ് പാര്‍ട്ടിയുടെ അറിവോടെ കെ. സുരേന്ദ്രന്റെ പിന്‍മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 89 വോട്ടിന് മുസ്‌ലിം ലീഗിന്റെ പി.ബി. അബ്ദുല്‍ റസാഖിനോട് തോറ്റതിനെ തുടര്‍ന്നാണ് കെ.സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് പി.ബി. അബ്ദുല്‍ റസാഖ് അപ്രതീക്ഷിതമായി മരിച്ചത്. ഇതോടെ കേസ് തുടരണോ എന്ന് കെ. സുരേന്ദ്രനോട് കോടതി ചോദിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കേസ് തുടരുന്നതിനാണ് താല്‍പര്യമെന്ന് വ്യക്തമാക്കിയ സുരേന്ദ്രന്‍ പിന്നീട് കേസില്‍ നിന്ന് പിന്‍മാറുമെന്ന് വ്യക്തമാക്കിയിരുന്നു.