‘തരൂരിന്റെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെ?’; വാര്‍ത്താ സമ്മേളനത്തില്‍ മണ്ടത്തരം പറഞ്ഞ ശ്രീധരന്‍പിള്ള വെട്ടിലായി

single-img
5 March 2019

ശശി തരൂരിനെതിരായ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വെട്ടില്‍. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ ചോദ്യം. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മളനത്തിനിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ ചോദ്യം.

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ജനങ്ങള്‍ ചോദിക്കുന്നുണ്ട്. ഭാര്യമാരില്‍ രണ്ടാമത്തെയാള്‍ അടൂര്‍കാരിയാണെന്നും അടൂരിലെ അഭിഭാഷകന്‍ മധുസൂദനന്‍ നായരുടെ അനന്തരവളായിരുന്നു അവരെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേസ് നിയമോപദേശത്തിനായി തന്റെ അടുത്ത് വന്നിരുന്നതായും വാര്‍ത്താസമ്മേളനത്തിനിടെ പിള്ള പറഞ്ഞു.

അതേസമയം, തിലോത്തമ മുഖര്‍ജിയെയും യുഎന്‍ ഉഗ്യോഗസ്ഥയായ ക്രിസ്റ്റീന ജൈല്‍സിനെയും സുനന്ദ പുഷ്‌കറിനെയുമാണ് ശശി തരൂര്‍ വിവാഹം ചെയ്തത്. എന്നാല്‍ അടൂര്‍ സ്വദേശിനിയുടെ പേര് ശ്രീധരന്‍ പിള്ള തരൂരുമായി ബന്ധപ്പെടുത്തിയതെങ്ങനെയെന്നു വ്യക്തമല്ല.

ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് മാത്രമാണ് പുറത്ത് പറയാത്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതിന് ശേഷം മൂന്ന് ഭാര്യമാര്‍ മരിച്ചോ എന്ന സംശയവുമായി മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍ രണ്ട് ഭാര്യമാര്‍ മരിച്ചെന്നും ഒരാള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയുമാണ് ഉണ്ടായതെന്നും പിള്ള തിരുത്തി പറഞ്ഞു.

കേന്ദ്രത്തില്‍ സിപിഎം കോണ്‍ഗ്രസ് അടങ്ങുന്ന കോമയിലായ മുന്നണി വേണൊ ബിജെപി വേണോ എന്നതരത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. കോണ്‍ഗ്രസ് സിപിഎം പരസ്യ ബന്ധം ചരിത്രത്തില്‍ ആദ്യമാണെന്നും കേരളത്തിലെ സമസ്ത ജീവിത മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥി പട്ടിക വരുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും സി പി എമ്മിനെയും കോണ്‍ഗ്രസിനെക്കാളും വലിയ കക്ഷി ബിജെപിയാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. ശബരിമല പ്രചരണ ആയുധമാക്കാന്‍ ബിജെപി ഒരുക്കമല്ല.

തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ എടുത്ത തീരുമാനങ്ങളുടെ ആത്മാര്‍ത്ഥത മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ശ്രീധരന്‍പിള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസ്സമെടുത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി പറയണമെന്നും കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ എടുത്ത തീരുമാനങ്ങളുടെ ആത്മാര്‍ത്ഥത മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ജനവിരുദ്ധ കോണ്‍ഗ്രസിന് ബദല്‍ ആണെന്ന് എ.കെ.ജി പറഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് എവിടെയെത്തിയെന്ന് പിണറായിയും കാനവും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.