ചൂട് കൂടുന്നു: കേരളത്തില്‍ വരാനിരിക്കുന്നത് കൊടുംവരള്‍ച്ച

single-img
5 March 2019

കേരളത്തില്‍ വരുംദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് കര്‍ശന നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി. സൂര്യാതപമേല്‍ക്കുന്ന തൊഴിലെടുക്കുന്നവര്‍ 11 മണി മുതല്‍ മൂന്നുമണി വരെ വിശ്രമംവരുന്ന രീതിയില്‍ തൊഴില്‍സമയം ക്രമീകരിക്കണമെന്നതടക്കം പാലിക്കേണ്ട നിബന്ധനകളാണ് പുറത്തിറക്കിയത്.

നിര്‍മാണ സൈറ്റുകളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും കുടിവെള്ളം, അത്യാവശ്യ മരുന്നുകള്‍, ഒ.ആര്‍.എസ്, ഐസ് പാക്കുകള്‍, വിശ്രമസൗകര്യം എന്നിവ ഏര്‍പ്പെടുത്തണം. മറുനാടന്‍ തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കാന്‍ അവരുടെ ഭാഷയിലുള്ള ലഘുലേഖകള്‍ നല്‍കണം. നിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന കാര്യം ലേബര്‍ ഓഫീസര്‍മാര്‍ പരിശോധിക്കണം. സൂര്യാഘാതമേറ്റാല്‍ ജില്ലാകളക്ടറടക്കമുള്ളവരെ വിവരമറിയിക്കണം.

തീവ്രമായ ചൂടുള്ളസമയത്ത് കാലികളെ മേയാന്‍ വിടരുത്, കാലികള്‍ക്ക് ജലലഭ്യത ഉറപ്പാക്കണം. സ്‌കൂള്‍ അസംബ്ലികള്‍ ഒഴിവാക്കുകയോ സമയം കുറയ്ക്കുകയോ ചെയ്യണം. പി.ഇ.ടി. പീരിയഡുകള്‍ നിയന്ത്രിക്കുക, തുറസ്സായ സ്ഥലങ്ങളിലെ കളി ഒഴിവാക്കുക, കലാകായിക പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക, വിദ്യാലയങ്ങളില്‍ ജലവും മറ്റു സൗകര്യങ്ങളുമേര്‍പ്പെടുത്തുക, ക്ലാസ്മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കുക, അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷാ പരിശീലനംനല്‍കുക, തദ്ദേശ വകുപ്പ് ജലഅതോറിറ്റിയുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കും പൊതുജനത്തിനും ജലലഭ്യത ഉറപ്പാക്കുക, പൊതുവൃക്ഷങ്ങള്‍ ഉണങ്ങിപ്പോകുന്നത് തടയാന്‍ വെള്ളമൊഴിക്കാന്‍ സംവിധാനമൊരുക്കുക, വനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ജലലഭ്യത ഉറപ്പാക്കുക, ജലം തേടി കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങാനുള്ള സാധ്യത തടയുക, കാട്ടുതീ സാധ്യതയ്‌ക്കെതിരേ പ്രതിരോധ നടപടിയെടുക്കുക, തീവ്രമായ വെയിലുള്ള സമയത്ത് പോലീസുകാര്‍ക്ക് കുട ഉപയോഗിക്കാന്‍ സൗകര്യം നല്‍കുക, ഇവര്‍ സ്റ്റീല്‍കുപ്പിയില്‍ വെള്ളം കരുതുക, വിനോദസഞ്ചാര മേഖലയില്‍ എല്ലാഭാഷകളിലുമുള്ള ലഘുലേഖകള്‍ വിതരണംചെയ്യുക, അടിയന്തര ശുശ്രൂഷയ്ക്കുള്ള കിയോസ്‌കുകള്‍ തയ്യാറാക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.

അതേസമയം, പ്രളയത്തിനുശേഷവും കേരളത്തെ കാത്തിരിക്കുന്നത് ഗുരുതരമായ ജലക്ഷാമത്തിന്റെ നാളുകളെന്നു കേന്ദ്ര ജലവിഭവ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം). ഇടമഴ ലഭിച്ചില്ലെങ്കില്‍ തുലാവര്‍ഷം ദുര്‍ബലമായ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ കടുത്ത വരള്‍ച്ച നേരിടും. ഭൂഗര്‍ഭജല വിതാനത്തിലുണ്ടാകുന്ന കുറവാണു പ്രതിസന്ധിക്കു കാരണം. പ്രളയത്തിനുശേഷം െവള്ളം പിടിച്ചുനിര്‍ത്താനുള്ള മണ്ണിന്റെ ശേഷി കുറഞ്ഞത് സ്ഥിതി ഗുരുതരമാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പ്രതിസന്ധി മുന്നില്‍കണ്ടു വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനാണു വിദഗ്ധരുടെ ഉപദേശം.