ഉളുപ്പുണ്ടോ? പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

single-img
4 March 2019

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ എ കെ 203 തോക്ക് നിര്‍മാണ ഫാക്ടറിയുടെ ഉദ്ഘാടനം നടത്തിയതിനു പിന്നാലെ വിമർശനവുമായി രാഹുൽ ഗാന്ധി. താൻ 2010 ൽ ഉദ്ഘാടനം ചെയ്ത ഫാക്റ്ററിയാണ് വീണ്ടും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് എന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

പ്രധാനമന്ത്രി ജീ..അമേഠിയിലെ ഓഡിനൻസ് ഫാക്റ്ററിയിയുടെ തറക്കല്ലിടൽ ഞാൻ 2010 നിർവഹിച്ചതാണ്. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ആ ഫാക്റ്ററിയിൽ നിന്ന് ചെറിയ തോക്കുകളുടെ ഉത്പാദനവും നടക്കുന്നുണ്ട്. ഇന്നലെ താങ്കൾ അമേഠിയിൽ വന്നു സ്ഥിരമായി പറയുന്നത് പോലെ വീണ്ടും കള്ളം പറഞ്ഞു. താങ്കൾക്ക് അൽപ്പം പോലും നാണം തോന്നുന്നില്ലേ?- രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

2007 ലാണ് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ ഇന്ത്യൻ സൈന്യത്തിന് ആവശ്യമായ തോക്കുകൾ നിർമ്മിക്കുന്നതിന് വേണ്ടി ഓഡിനൻസ് ഫാക്റ്ററി നിർമ്മിക്കാൻ തീരുമാനിക്കുന്നത്. 2010 ൽ 408 കോടി രൂപ മുടക്കി കഴിഞ്ഞ യു പി എ സർക്കാർ ഫാക്റ്ററിയുടെ നിർമ്മാണവും ആരംഭിച്ചു. ഇവിടെ നിന്നുമാണ് ഇപ്പോൾ ഇന്ത്യൻ സൈനികർക്കു വേണ്ട ചെറിയ തോക്കുകൾ നിർമ്മിക്കുന്നത്.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഫാക്റ്ററിയിൽ പുതിയ റഷ്യ രൂപകൽപ്പന ചെയ്ത പുതിയ എ കെ 203 തോക്കുകളുടെ നിർമ്മാണ ഉദ്ഘാടനമാണ് നിർവഹിച്ചത്. എന്നാൽ ബിജെപി അനുകൂല മാധ്യമങ്ങൾ പുതുതായി അമേഠിയില്‍ ഒരു ഓഡിനൻസ് ഫാക്റ്ററി നിർമ്മിച്ച് എന്ന തരത്തിലാണ് വാർത്തകൾ പ്രചരിപ്പിച്ചത്. ഇതാണ് രാഹുൽ ഗാന്ധിയെ ചൊടിപ്പിച്ചത്.