അമിത്ഷാ പറയുന്നു: ബാലാക്കോട്ടില്‍ കൊല്ലപ്പെട്ടത് 250ലേറെ ഭീകരര്‍: അമേരിക്കയ്ക്കും ഇസ്രായേലിനും ശേഷം സൈന്യത്തിനു നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരം ചെയ്യുന്ന ലോകത്തെ മൂന്നാമത്തെ രാജ്യം ഇന്ത്യ

single-img
4 March 2019

ബാലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അമേരിക്കയ്ക്കും ഇസ്രായേലിനും ശേഷം സൈന്യത്തിനു നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരം ചെയ്യുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് അമിത് ഷാ പറഞ്ഞു.

ഇത് ആദ്യമായാണ് മരണ സംഖ്യയെക്കുറിച്ച് ബിജെപി ഔദ്യോഗികമായി പ്രതികരണം നടത്തുന്നത്. 350ല്‍ ഏറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ബാലാക്കോട്ടിലെ മരണ സംഖ്യയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.ബാലാക്കോട്ടിലെ സൈനിക നടപടിയില്‍ മരിച്ചവരുടെ എണ്ണത്തെക്കുറിച്ച് വിവിധ വാദങ്ങള്‍ ഉയരുന്നതിനിടെയാണ് അമിത് ഷായുടെ പ്രസംഗം.

ഉറിയിലെ ഭീകരാക്രമണത്തിനു ശേഷം സൈന്യം മിന്നലാക്രമണം നടത്തി. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇത്തരമൊരു ആക്രമണം സാധ്യമല്ലെന്നാണ് പലരും പറഞ്ഞത്. എന്നാല്‍ പതിമൂന്നാം ദിവസം നരേന്ദ്രമോദി സര്‍ക്കാര്‍ അതു നടപ്പാക്കി. ഇരുന്നൂറ്റി അന്‍പതിലേറെപ്പാരാണ് ആക്രമണത്തില്‍ മരിച്ചത്. സൈന്യത്തിന് ഒരു നഷ്ടവും ഈ ആക്രമണത്തിലുണ്ടായില്ല- ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.