പാകിസ്താനെ ബഹിഷ്‌കരിക്കാനാവില്ല; ബി.സി.സി.ഐയുടെ ആവശ്യം ഐ.സി.സി തള്ളി

single-img
3 March 2019


പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന ബിസിസിഐ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തളളി. ടീമുകള്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഐസിസി അറിയിച്ചു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുമായുളള ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ നല്‍കിയ കത്ത്, ചര്‍ച്ച ചെയ്യാനാകില്ലെന്ന് ഐസിസി ബോര്‍ഡ് യോഗത്തില്‍ ശശാങ്ക് മനോഹര്‍ ആണ് നിലപാടെടുത്തത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമേ കൗണ്‍സിലിന് നിലപാടെടുക്കാന്‍ കഴിയൂവെന്നും ഐസിസി ചെയര്‍മാന്‍ വ്യക്തമാക്കി.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് പാകിസ്താനെ പേരെടുത്തു പറയാതെ ബി.സി.സി.ഐ കത്തിലൂടെ ഐ.സി.സി.യോട് ആവശ്യപ്പെട്ടത്. പുല്‍വാമയില്‍ നാല്‍പത്തിനാല് സി. ആര്‍.പി.എഫ് ജവാന്മാരുടെ വീരമൃത്യുവിന് കാരണമായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ബി.സി.സി.ഐ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഫെബ്രുവരി 22നാണ് ബി.സി.സി.ഐ ഈ കത്തയച്ചത്.

ഇന്ത്യയുടെ കത്തിനെക്കുറിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2020ലെ ട്വന്റി 20 ലോകകപ്പിനും 2023ലെ ഏകദിന ലോകകപ്പിനുമുള്ള പാക് ടീമിലെ കളിക്കാര്‍ക്ക് വിസ അനുവദിക്കുന്നത് സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിക്കണമെന്ന് പി.സി.ബി അധ്യക്ഷന്‍ എഹ്‌സാന്‍ മണി ആവശ്യപ്പെട്ടിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ ബി.സി.സി.ഐ പ്രകടിപ്പിച്ച ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് ഐ.സി.സി. പറഞ്ഞു. കളിക്കാരുടെ സുരക്ഷ ഐ.സി.സി.യെ സംബന്ധിച്ച് പരമപ്രധാനമാണെന്ന് ലോകകപ്പിന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന് പിഴവറ്റ ഒരു സുരക്ഷാ സംവിധാനമുണ്ടെന്നുമാണ് ഐ.സി.സി.യുടെ വിശദീകരണം.