പാക്കിസ്ഥാന്‍ കുരുക്കില്‍

single-img
2 March 2019

ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ എഫ്16 വിമാനം ഉപയോഗിച്ചത് അന്വേഷിക്കുന്നതായി അമേരിക്ക. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. എഫ്16 വിമാനം ഉപയോഗിച്ചതിന് ഇന്ത്യ തെളിവ് കൈമാറിയിരുന്നു. അമേരിക്കയുമായുളള ആയുധ കരാര്‍പ്രകാരം ഭീകരവിരുദ്ധ നടപടികള്‍ക്കുമാത്രമേ പാക്കിസ്ഥാന് എഫ്16 വിമാനം ഉപയോഗിക്കാനാകൂ. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സേനയ്‌ക്കെതിരെ എഫ്.16 വിമാനം ഉപയോഗിച്ചെന്നു തെളിഞ്ഞാല്‍ പാക്കിസ്ഥാന്‍ കുരുക്കിലാകും.

റഷ്യന്‍ നിര്‍മിത വിമാനമായ മിഗ് 21 ബൈസന്‍ ഉപയോഗിച്ചാണ് ഇന്ത്യ എഫ് 16 തകര്‍ത്തത്. യുദ്ധവിമാന ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ച സംഭവമാണ് ഇത്. യുഎസ് നിര്‍മിച്ച അത്യാധുനിക നാലാം തലമുറ യുദ്ധവിമാനമായ എഫ് 16നെ റഷ്യന്‍ നിര്‍മിത വിമാനമായ മിഗ് 21 ബൈസന്‍ തകര്‍ത്തുവെന്നതു പ്രതിരോധ ഉല്‍പന്നങ്ങളുടെ വ്യാപാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുഎസിനു വലിയ ക്ഷീണമാണ് സൃഷ്ടിക്കുന്നത്. ഇതാണ് അടിയന്തരമായി പാക്കിസ്ഥാനോടു വിശദീകരണം തേടാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്.

1980ലാണ് യുഎസില്‍നിന്ന് പാക്കിസ്ഥാന് എഫ്16 യുദ്ധവിമാനങ്ങള്‍ ലഭിക്കുന്നത്. ആഗോളഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ സ്വയം പ്രതിരോധത്തിനു വേണ്ടിയാണ് അമേരിക്ക പാക്കിസ്ഥാന് എഫ്16 നല്‍കിയത്. മറ്റൊരു രാജ്യത്തിനെതിരേ ഈ വിമാനം ഉപയോഗിക്കുന്നതിന് അമേരിക്കന്‍ നിയമപ്രകാരം വിലക്കും നിലവിലുണ്ട്. പന്ത്രണ്ടോളം നിയന്ത്രണങ്ങളാണ് എഫ്16 കരാറില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നത്.

ഇന്ത്യയില്‍ പതിച്ച അംറാം 120 മിസൈല്‍ (അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയര്‍ ടു എയര്‍ മിസൈല്‍), എഫ് 16 യുദ്ധവിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിന്റെ തെളിവാണെന്ന് വ്യാഴാഴ്ച വ്യോമസേന പറഞ്ഞിരുന്നു. എഫ് 16 വിമാനം ഉപയോഗിച്ചില്ലെന്ന വാദവുമായി ബുധനാഴ്ച പാക്കിസ്ഥാന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് അംറാം മിസൈലിന്റെ ഭാഗങ്ങള്‍ ഇന്ത്യ പുറത്തുവിട്ടത്.