അഭിനന്ദൻ വർത്തമാൻ ഇനി നേരിടുവാനുള്ളത് അപൂർവ്വമായി സംഭവിക്കുന്ന `ഡീബ്രീഫിങ്´

single-img
2 March 2019

പാകിസ്ഥാൻ കസ്റ്റഡിയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ ഇന്ന് ഡീബ്രീഫിങിന് വിധേയമാക്കും. ഒരർത്ഥത്തിൽ  ശത്രുവിൻ്റെ പിടിയിൽപെട്ട പട്ടാളക്കാരനെ വിശദമായി ചോദ്യം ചെയ്യുന്ന നടപടിയാണ് ഡീബ്രീഫിങ്. ഈ നടപടിയാണ് ഇനി അഭിനന്ദൻ വർത്തമാൻ രാജ്യ സുരക്ഷയുടെ ഭാഗമായി നേരിടേണ്ടത്. സേനാതലത്തിൽ അപൂർവ്വമായി മാത്രമേ ഇതു സംഭവിക്കാറുള്ളു.

പാകിസ്ഥാൻ കസ്റ്റഡിയിൽ നേരിട്ട അനുഭവം, അവരോട് വെളിപ്പെടുത്തിയ കാര്യങ്ങൾ തുടങ്ങിയവ വിശദമായി ചോദിച്ചറിയുന്ന നടപടിയാണ് ഡീബ്രീഫിങ്. വ്യോമസേന ഇന്റലിജൻസ്, ഇന്റിലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരാകും അഭിനന്ദനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുക.  

പാകിസ്ഥാൻ അധികൃതരോട് അഭിനന്ദന് എന്തെല്ലാം വെളിപ്പെടുത്തേണ്ടിവന്നു എന്നത് അറിയുകയാണ് ഡീബ്രിഫിങ്ങിന്റെ പ്രധാന ഉദ്ദേശ്യം. പാക്ക് കസ്റ്റഡിയിൽ മർദിക്കപ്പെട്ടോ?  വിമാനം തകർന്നത് എങ്ങനെ?, പാക്ക് വിമാനത്തെ വീഴ്ത്തിയത് എങ്ങനെ?, പാക് ചാര സംഘടനയായ ഐഎസ്ഐ ചോദ്യം ചെയ്തോ?, തുടങ്ങിയ കാര്യങ്ങൾ വൈമാനികനോട് ആരായും.

ചോദ്യം ചെയ്യലിന് മനഃശാസ്ത്രജ്ഞന്റെ സഹായവുമുണ്ടാകും. അഭിനന്ദൻ്റെ മനഃസാന്നിധ്യവും പരിശോധിക്കും. സാധാരണ നിലയിൽ എയർഫോഴ്സ് ഉദ്യോ​ഗസ്ഥരെ വ്യോമസേന ഇന്റലിജൻസ് മാത്രമാണ് ചോദ്യം ചെയ്യാറുള്ളത്. മറ്റ് ഏജൻസികൾക്ക് ചോദ്യം ചെയ്യാൻ വിട്ടുനൽകാറില്ല. എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരി​ഗണിച്ച് മറ്റ് ഏജൻസികളെ കൂടി ചോദ്യം ചെയ്യാൻ അനുവദിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഡൽഹിയിലെത്തിയ അഭിനന്ദനെ വ്യോമസേന ഇന്റലിജൻസ് യൂണിറ്റിന് കൈമാറിയിട്ടുണ്ട്. വിശദമായ വൈദ്യപരിശോധനയ്ക്കും, സ്കാനിം​​ഗിനും അഭിനന്ദനെ വിധേയനാക്കും. ഫിറ്റ്നസ് ടെസ്റ്റുകളും നടത്തും. പാകിസ്ഥാന്റെ കസ്റ്റഡിയിൽ വെച്ച് ഇന്ത്യൻ രഹസ്യങ്ങൾ ചോർത്താനായി എന്തെങ്കിലും നൂതന ഉപകരണങ്ങൾ അഭിനന്ദന്റെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ് വിശദമായ സ്കാനിം​ഗ് അടക്കമുള്ള വിശദമായ പരിശോധനകൾ.

മാത്രമല്ല മാധ്യമങ്ങൾ സമീപിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ വെളിപ്പെടുത്തണം  എന്നുള്ളത് സംബന്ധിച്ചും അഭിനന്ദന് വ്യോമസേന ഉദ്യോഗസ്ഥർ വിശദമായ നിർദ്ദേശങ്ങൾ നൽകും.