കാന്‍സര്‍ എന്നുകേട്ടയുടന്‍ മരണത്തെക്കുറിച്ചല്ല ചിന്തിക്കേണ്ടത്: ഡോക്ടര്‍ ഷിംന അസീസ് പറയുന്നു…

single-img
1 March 2019

കാന്‍സര്‍ എന്നു കേട്ടയുടന്‍ മരണത്തെക്കുറിച്ചല്ല പകരം ചികില്‍സിച്ച് ഭേദമാക്കാനുള്ള വഴികളെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്ന് ഡോക്ടര്‍ ഷിംന അസീസ്. കാന്‍സര്‍ രോഗികളോട് എങ്ങനെ പെരുമാറണം, അവര്‍ക്ക് ഉറപ്പാക്കേണ്ട ശുചിത്വം, നല്‍കേണ്ട ഭക്ഷണം എന്നിവയെക്കുറിച്ച് വിശദമായ കുറിപ്പ് എഴുതിയിരിക്കുകയാണ് ഡോക്ടര്‍.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം :

അമ്മയ്ക്ക് ക്യാന്‍സറാണ്. റിസള്‍ട്ട് വാട്‌സാപ്പില്‍ ഉണ്ട്. എന്ത് ചെയ്യും ഡോക്ടറെ? ഇപ്പോ അറിഞ്ഞതേയുള്ളൂ…ആകെ തളര്‍ന്ന് പോകുന്നു. എന്ത് ഭക്ഷണം കൊടുക്കാം, എന്ത് കൊടുക്കാന്‍ പാടില്ലാത്ത ഒന്ന് പറഞ്ഞു തര്വോ?

കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്ന് തവണ ഈയൊരു കൂട്ടം ചോദ്യങ്ങളെ നേരിട്ടു. രോഗത്തിന് ചികിത്സിക്കുന്ന ഡോക്ടറുടെ തിരക്ക് കാരണം പലപ്പോഴും ഒന്നും വിശദമായി ചോദിക്കാന്‍ സാധിച്ചു കാണില്ല. വേദനയോടെ കാര്യങ്ങള്‍ വിശദമായി പറഞ്ഞ് കൊടുക്കേണ്ട കടമ നമ്മളില്‍ നിക്ഷിപ്തമാകും. ചുറ്റുപാടുമുള്ളവരുടെ അഭിപ്രായങ്ങള്‍ കൊണ്ടുള്ള ചാട്ടയടി നിലയ്ക്കില്ല, നട്ടം തിരിഞ്ഞ് പോകും. ശരിക്കും എന്താണ് ഈ വിഷമഘട്ടത്തില്‍ നമ്മള്‍ ചെയ്യേണ്ടതെന്ന് ആരോട് ചോദിക്കും, എന്ത് പറയും, രോഗിയോട് വിവരം പറയണോ/പറയണ്ടേ/അറിഞ്ഞവരുടെ ആശങ്ക എങ്ങനെയകറ്റും?

ആദ്യമേ പറയട്ടെ, ഏറ്റവും അടുത്ത ബന്ധുക്കളില്‍ തന്നെ എട്ടോളം കാന്‍സര്‍ രോഗികള്‍ ഉണ്ടായിരുന്നത് കൊണ്ട് ‘അനുഭവിച്ചത്’ ആണ് ‘പഠിച്ചതിലേറെ’ ഇവിടെ എഴുതുന്നത്. ആശുപത്രിയില്‍ രോഗക്കിടക്കയില്‍ കണ്ടവരുടെ എണ്ണം അവിടം കൊണ്ടൊന്നും തീരുകയുമില്ല.

ഏതെങ്കിലും പരിശോധനയില്‍ ക്യാന്‍സര്‍ ആണോ എന്ന് സംശയം തോന്നുമ്പോള്‍ തന്നെ ഭയം തുടങ്ങും. ഇത്രയേറെ ഭയക്കേണ്ടതോ ദുസ്വപ്നം കാണേണ്ടതോ ആയ ഒന്നല്ല അര്‍ബുദം എന്ന രോഗം. നേരത്തെ കണ്ടെത്തിയാല്‍ കൃത്യമായ ചികിത്സയും ആശ്വാസവും ഉണ്ടാകും എന്ന് മനസ്സിലാക്കുക. ഇനി അതല്ലെങ്കില്‍ പോലും വേദനയും സഹനവും കുറയ്ക്കാന്‍ ഇന്ന് നമുക്ക് മാര്‍ഗങ്ങളുണ്ട്. വിഷമിക്കേണ്ട വൈദ്യശാസ്ത്രം നിങ്ങളോടൊപ്പമുണ്ട്.

രോഗം ഉറപ്പായിക്കഴിഞ്ഞാല്‍ ചികിത്സ എവിടെ വേണം എന്നതിനെക്കുറിച്ച് എത്രയും പെട്ടെന്ന് ഒരു ധാരണയില്‍ എത്തണം. ചികിത്സയുടെ സൗകര്യം, ചികിത്സാചെലവ്, രോഗിയുടെ സ്വകാര്യത, രോഗിയെ പരിചരിക്കുന്നവരുടെ പരിഗണനകള്‍ തുടങ്ങിയവ കൃത്യമായി നോക്കേണ്ടതുണ്ട്. അഭിപ്രായം പറഞ്ഞ് കണ്‍ഫ്യൂഷനുണ്ടാക്കുന്ന ആവേശ്കുമാര്‍ വകുപ്പില്‍ പെടുന്നവരെ ഒരു കൈയ്യകലത്തില്‍ വെക്കുക. അനുഭവിക്കാന്‍ രോഗിയും കൂടെയുള്ളവരും മാത്രമേ കാണൂ. വര്‌ണോരും പോണോരും അഭിപ്രായം പറഞ്ഞ് പൊയ്‌ക്കോട്ടെ. ആള് കൂടിയാല്‍ പാമ്പ് ചാകില്ലെന്ന് കേട്ടിട്ടില്ലേ? ഏറ്റവും അടുത്തവര്‍ ഉറച്ച തീരുമാനമെടുക്കുക. ചികിത്സയിലും ചികിത്സിക്കുന്നവരിലുമുള്ള വിശ്വാസം നഷ്ടപ്പെടുന്ന പരിപാടി വേണ്ടേ വേണ്ട.

രോഗിയെ രോഗവിവരം അറിയിക്കണോ വേണ്ടയോ എന്നതാണ് അടുത്ത ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം കൃത്യമായി പറയാനാവുക രോഗിയുമായി ഏറ്റവും അടുത്ത ബന്ധം ഉള്ളവര്‍ക്കാണ്. ഒരു കാര്യം മനസ്സിലാക്കുക, നമ്മുടെ നാട്ടില്‍ ഒരു വാര്‍ഡിന്റെ പേരോ ഡോക്ടറുടെ സ്‌പെഷ്യാലിറ്റിയുടെയോ പേര് വായിച്ച് മനസ്സിലാക്കാന്‍ സാധിക്കാത്തവരായി ആരുമില്ല.

ഒരു ടെസ്റ്റ് റിസള്‍ട്ടായോ അല്ലെങ്കില്‍ ദൂരെ മാറി നിന്ന് കേട്ടതായോ എങ്കിലും ‘ക്യാന്‍സര്‍ ‘എന്ന പദം അവരുടെ മനസ്സിലേക്ക് ഉല്‍ക്ക കണക്കിന് വീണേക്കാം. മുഖക്കുരു വന്നാല്‍ കാന്‍സറാണോ എന്ന് പേടിച്ച് ഗൂഗിള്‍ ചെയ്യുന്നവരുടെ ഇടയില്‍ യഥാര്‍ത്ഥരോഗിക്ക് കാര്യം പിടികിട്ടാന്‍ വല്ല്യ നേരമൊന്നും പിടിക്കില്ല. കടുത്ത മാനസികാഘാതം പ്രതീക്ഷിക്കുക തന്നെ വേണം. ധൈര്യം നല്‍കേണ്ടത് പ്രിയപ്പെട്ടവരാണ്. അവര്‍ കൂടി തളരുകയോ തകരുകയോ അല്ല, മറിച്ച് ഒന്നിച്ചു രോഗത്തെ മൂലയ്ക്കിട്ട് മുന്നേറുകയാണ് വേണ്ടത്.

അടുത്ത ചോദ്യം. എന്ത് ഭക്ഷണം കൊടുക്കും? അതിന് പ്രത്യേകിച്ച് പത്ഥ്യമോ ഗദ്യമോ ഉപന്യാസമോ ഒന്നും വേണ്ട. ക്യാന്‍സര്‍ രോഗിക്ക് പൊതുവേ ഭക്ഷണത്തോട് താല്‍പര്യം കുറവായിരിക്കും. കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് ക്യാന്‍സര്‍ എന്നറിയാമല്ലോ? സ്വാഭാവികമായും രോഗി നുള്ളിപ്പെറുക്കി കഴിക്കുന്നത് മൊത്തമായി ക്യാന്‍സര്‍ കോശങ്ങള്‍ സ്വന്തമാക്കി വകയിരുത്തി അവരങ്ങ് വളരും. എന്താണ് ചെയ്യുക?

കൃത്യമായി ചികിത്സയെടുത്ത് രോഗത്തെ ഇല്ലാതാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഒപ്പം രോഗിക്ക് പ്രതിരോധശേഷി കൂട്ടാനുള്ള ഭക്ഷ്യവസ്തുക്കളും ആരോഗ്യമുള്ള കോശങ്ങള്‍ നിര്‍മ്മിക്കാനും റിപ്പയര്‍ ചെയ്യാനുമൊക്കെയുള്ള ആഹാരവും യഥേഷ്ടം നല്‍കണം. ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, മത്സ്യമാംസാദികള്‍(കറി/സൂപ്പ്), മുട്ടയുടെ വെള്ള, പയര്‍വര്‍ഗങ്ങള്‍, നട്ട്‌സ് തുടങ്ങിയവ അത്യുത്തമം.

കീമോതെറാപ്പിയും റേഡിയേഷനും തുടങ്ങുമ്പോള്‍ കുറച്ച് കാലത്തേക്ക് നാവിലെ തൊലി പോവാം, വായ്പുണ്ണ് വരാം, ഛര്‍ദ്ദി, രുചിക്കുറവ്, ദേഷ്യം, അസ്വസ്ഥത, കടുത്ത സങ്കടം തുടങ്ങി ഏതാണ്ടൊക്കെയോ വരാം. എന്ത് ചെയ്യും? ഭക്ഷണം വേണ്ടെന്ന് വാശി പിടിക്കുന്നത് അവര്‍ക്ക് വയ്യാഞ്ഞിട്ടാണ്. മസാലകള്‍ പരമാവധി കുറച്ച് അവര്‍ക്കിഷ്ടമുള്ള രീതിയില്‍ പാകം ചെയ്ത് കൊടുക്കുക. ചവച്ച് കഴിക്കാന്‍ വയ്യെങ്കില്‍ ജ്യൂസ്, സൂപ്പ്, നന്നായി വെന്ത കഞ്ഞിയില്‍/ഓട്‌സില്‍/റാഗിയില്‍ പച്ചക്കറികള്‍/പയര്‍/ശര്‍ക്കര തുടങ്ങിയവയിട്ട് വേവിച്ചുടച്ച് കൊടുക്കാം. ഛര്‍ദ്ദി കുറയാന്‍ മരുന്ന് കൊടുത്തോളൂ. ഒരു കുഴപ്പവുമില്ല. അവര്‍ക്ക് ആഹാരം കൊടുക്കണമല്ലോ.

ഇനി മൂക്കിലൂടെ ഫീഡിംഗ് ട്യൂബ് ഇട്ടിട്ടുണ്ടെങ്കിലോ? മേല്‍ പറഞ്ഞ ഘടകങ്ങള്‍ ഭക്ഷണത്തില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്താം. പ്രോട്ടീന്‍ പൗഡര്‍, ഇരുമ്പ് ഗുളിക, കാത്സ്യം തുടങ്ങിയ സപ്ലിമെന്റുകള്‍ എല്ലാം വേണ്ടി വന്നേക്കാം. ബ്ലഡ് കൗണ്ട് കുറയുമ്പോള്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് ഒരു തെറ്റുമില്ല. അവരുടെ ശരീരം ആവുന്നത്ര നോര്‍മലായിരിക്കട്ടെ.

വായ്ക്കകത്തും മൂത്രമൊഴിക്കുന്ന ഭാഗത്തും പൂപ്പല്‍ വരാനുള്ള സാധ്യത ഏറെയാണ്. രണ്ടിനും വേണ്ട മരുന്നുകളും മുന്‍കരുതലുകളും വേണം. രണ്ട് നേരം പല്ല് തേക്കണം. സാധിക്കില്ലെങ്കില്‍ വായ്ക്കകം നോര്‍മല്‍ സലൈനില്‍ മുക്കിയ കോട്ടന്‍ തുണി വിരലില്‍ ചുറ്റി തുടച്ചെടുക്കണം. തൊലി പൊളിയാം, ശ്രദ്ധിക്കണം.

കീമോതെറാപ്പിയുടെ സമയത്ത് ബ്ലഡ് കൗണ്ട് കുറയുന്നതും മുടി കൊഴിയുന്നതും ഛര്‍ദ്ദിയുമെല്ലാം ഭയപ്പെടാന്‍ ഏതുമില്ലാത്ത കാര്യമാണ്. പക്ഷേ, ഈ നേരത്ത് സന്ദര്‍ശകരെ ആവുന്നത്ര നിയന്ത്രിച്ചേ മതിയാകൂ. എനിക്കും നിങ്ങള്‍ക്കും തുമ്മലും മൂക്കൊലിപ്പും ഉണ്ടാക്കുന്ന അതേ ബാക്ടീരിയ പ്രതിരോധശേഷി പാടേ കുറഞ്ഞ നമ്മുടെ രോഗിക്ക് ന്യൂമോണിയയോ മസ്തിഷ്‌കജ്വരമോ ആവും ഉണ്ടാക്കുക. സൂക്ഷിച്ചേ മതിയാകൂ.

രോഗിയെ സ്പര്‍ശിക്കുന്നവര്‍ കൈ സോപ്പിട്ട് കഴുകിയിരിക്കണം/ഹാന്‍ഡ്‌റബ് ഉപയോഗിച്ചിരിക്കണം. തീരെ കിടപ്പിലായവര്‍ക്ക് ബെഡ്‌സോര്‍ വരാതെ നോക്കണം. ഓരോ അര മണിക്കൂറിലും തിരിച്ചും മറിച്ചും കിടത്തുക. മുറിവുകള്‍ പരിചരിക്കുന്നത് വിദഗ്ധരോട് ചോദിച്ച് പഠിക്കുക.

ക്യാന്‍സര്‍ മരണമല്ല. ജീവിതം തിരിച്ചു പിടിക്കാനും ഉള്ള കാലം ആരോഗ്യത്തോടെയും അഭിമാനത്തോടെയും ചിലവഴിക്കാനു രോഗിയെ പ്രാപ്തനാക്കുന്ന ചികിത്സാസൗകര്യങ്ങള്‍ ഇന്നുണ്ട്.

ഇനിയും സംശയങ്ങള്‍ ഉണ്ടാകുമെന്നറിയാം. സാധിക്കുമെങ്കില്‍ അവ ഇന്‍ബോക്‌സിന് പകരം കമന്റില്‍ ചോദിക്കൂ. മറുടികള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. കൂടുതല്‍ പേരുടെ മുന്നില്‍ വിശദീകരിക്കേണ്ട വിഷയമാണെന്ന് മനസ്സിലാക്കുന്നു… അത് കൊണ്ടാണ്…

ഒരുപാട് പ്രിയപ്പെട്ടവരുടെ ആരോഗ്യം കാക്കാന്‍ ചാരെ നിന്ന നല്ല ഓര്‍മ്മകളോടെ…