“അര്‍ണബ്, ഒരു 10 മിനിട്ട് തോക്കുമേന്തി അതിര്‍ത്തിയില്‍ പോയി നില്‍ക്കാമോ? ഞാനെന്‍റെ ഒരു വര്‍ഷത്തെ ശമ്പളം തരും”

single-img
1 March 2019

മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യ – പാക് സംഘര്‍ഷം ന്യൂസ് റൂമുകളില്‍ പുനരാവിഷ്കരിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്. ഒരു തെലുങ്ക് വാര്‍ത്താ ചാനലില്‍ അവതാരകന്‍ പ്രത്യക്ഷപ്പെട്ടത് പട്ടാള വേഷത്തിലാണ്. പട്ടാള വേഷം മാത്രമല്ല, കയ്യില്‍ ഒരു കളിത്തോക്കുമുണ്ടായിരുന്നു.

രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് അവതാരകന്‍ പട്ടാള വേഷം ധരിച്ചത്. ആജ്തകിലും ഇന്ത്യ ടുഡെയിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മറ്റുമൊക്കെ ധരിച്ച് റിപ്പോര്‍ട്ടര്‍മാര്‍ എത്തിയതിനെതിരെയും സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തുന്ന മാധ്യമപ്രവര്‍ത്തന ശൈലിക്കെതിരെയാണ് മുഖ്യ വിമര്‍ശനം.

ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝായാണ് ഇന്ത്യ – പാക് സംഘര്‍ഷ കാലത്തെ ചാനലുകളുടെ മാധ്യമപ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. അദ്ദേഹത്തിന്‍റെ ട്വീറ്റ് ഇങ്ങനെയാണ്:

“അര്‍ണബ് ഗോസ്വാമി, രാഹുല്‍ ശിവശങ്കര്‍ തുടങ്ങിയ പുകള്‍പെറ്റ ദേശീയവാദികള്‍ അതിര്‍ത്തിയില്‍ പോയി ഒരു 10 മിനിട്ട് തോക്കുമേന്തി നിന്നാല്‍ എന്‍റെ ഒരു വര്‍ഷത്തെ ശമ്പളം അവര്‍ക്ക് നല്‍കാന്‍ ഞാന്‍ തയ്യാറാണ്. നമ്മുടെ ചാനലുകളിലെ യുദ്ധം അവമതിപ്പുണ്ടാക്കുന്നു. നാണമില്ലാത്ത, അസഹ്യരായ ആളുകള്‍”.