നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തു

single-img
28 February 2019

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. രാവിലെ ആറു മണിക്ക് പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി മേഖലയിലായിരുന്നു ആക്രമണം.

പാക് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന അതി ശക്തമായി തിരിച്ചടിച്ചു. ഒരു മണിക്കൂറിന് ശേഷം ഏഴു മണിയോടെ വെടിവെപ്പ് അവസാനിപ്പിച്ചു. പ്രകോപനം കൂടാതെയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയതെന്ന് പ്രതിരോധ വക്താവ് കേണല്‍ ദേവേന്ദര്‍ ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.

ബാലാക്കോട്ടിലെ ഭീകരകേന്ദ്രം ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതിനുപിന്നാലെ ചൊവ്വാഴ്ച വൈകിട്ട് മുതലാണു നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ ആക്രമണം രൂക്ഷമാക്കിയത്. ബുധനാഴ്ച പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്കു പരുക്കേറ്റിരുന്നു. നൗഷേര, രജൗറി എന്നിവിടങ്ങളിലും പാക്ക് പ്രകോപനം തുടരുകയാണ്.

അതിനിടെ, രാവിലെ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ മന്ത്രിസഭായോഗം ചേര്‍ന്നു. അതേസമയം, പാക്കിസ്ഥാനില്‍ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമസേന ഉദ്യോഗസ്ഥനു നയതന്ത്ര സഹായം ലഭ്യമാക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

എന്നാല്‍ ഇന്ത്യയുടെ ആവശ്യത്തോടു പ്രതികരിക്കാന്‍ പാക്കിസ്ഥാന്‍ ഇതുവരെ തയാറായിട്ടില്ല. ഇന്ത്യയുടെ രണ്ടു വ്യോമസേന പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന പ്രസ്താവന പാക്കിസ്ഥാന്‍ ഇന്നലെ രാത്രി തിരുത്തിയിരുന്നു. അതിര്‍ത്തി പ്രശ്‌നങ്ങളേയും സൈനിക നീക്കങ്ങളെയും കുറിച്ചുള്ള വിശദവിവരങ്ങള്‍ ലൈവ് അപ്‌ഡേറ്റ്‌സില്‍ അറിയാം.