‘അയല്‍ക്കാരോട് സമാധാനപരമായി എന്റെ രാജ്യം പെരുമാറുന്നത് ഞാന്‍ കണ്ടിട്ടില്ല; ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിക്കണം’: ഇമ്രാന്‍ ഖാനോട് ഫാത്തിമ ഭൂട്ടോ

single-img
28 February 2019

പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെ വിട്ടുകൊടുക്കണമെന്ന് പാക് മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകളും എഴുത്തുകാരിയുമായ ഫാത്തിമ ഭൂേട്ടാ. കഴിഞ്ഞ ദിവസം പാകിസ്താന്‍ വെടിവെച്ചിട്ട ഇന്ത്യന്‍ വ്യോമസേനാ വിമാനം മിഗ് 21 ല്‍ നിന്ന് സുരക്ഷിതമായി പുറത്തിറങ്ങിയ പൈലറ്റ് അഭിനന്ദ് വര്‍ധമാനെയാണ് പാക് സൈന്യം പിടികൂടിയത്.

ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയായിരുന്നു ഫാത്തിമ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഞാനും എന്നെപോലുള്ള നിരവധി യുവ പാക്കിസ്ഥാന്‍ പൗരന്‍മാരും ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിലൂടെ സമാധാനത്തിനും മാനവികതയ്ക്കുമുള്ള നമ്മുടെ പ്രതിജ്ഞാബന്ധത കാണിക്കണമെന്നും ഫാത്തിമ ഭൂട്ടോ പറഞ്ഞു.

ഒരു ജീവിതകാലം മുഴുവന്‍ നമ്മള്‍ യുദ്ധത്തിനായി മാറ്റി വെച്ചു. ഒരു പാക്ക് പട്ടാളക്കാരനും മരിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ മരിക്കുന്നതും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നമ്മള്‍ അനാഥരുടെ ഒരു ഉപഭൂഖണ്ഡമാകരുതെന്നും ഫാത്തിമ ഭൂട്ടോ തന്റെ ലേഖനത്തില്‍ പറഞ്ഞു.

എന്റെ തലമുറയിലെ പാക്കിസ്ഥാന്‍ ജനത സംസാരിക്കുന്നതിനുള്ള അവകാശത്തിന് വേണ്ടി പോരാടിയിരിക്കയാണ്. സമാധാനം എന്ന എറ്റവും ശരിയായ കാര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നതിന് ഞങ്ങള്‍ക്ക് പേടിയില്ലെന്നും അവര്‍ പറഞ്ഞു.

‘അയല്‍ക്കാരോട് സമാധാനപരമായി എന്റെ രാജ്യം പെരുമാറുന്നത് ഞാന്‍ കണ്ടിട്ടില്ല’ പക്ഷെ മുമ്പൊന്നും കാണാത്ത വിധത്തില്‍ രണ്ട് ആണവായുധ രാജ്യങ്ങള്‍ തമ്മില്‍ ട്വീറ്റര്‍ അക്കൗണ്ടിലൂടെയുള്ള ഒരു യുദ്ധം കാണുന്നുണ്ടെന്നും ഫാത്തിമ ഭൂട്ടോ ലേഖനത്തില്‍ കുറിച്ചു.