തനിക്ക് ലഭിച്ച അവാര്‍ഡ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും അവകാശപ്പെട്ടത്: സൗബിന്‍ ഷാഹിര്‍

single-img
27 February 2019

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടിപൊളിയെന്ന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സൗബിന്‍ ഷാഹിര്‍. അവാര്‍ഡ് ഇപ്പോള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലേക്ക് വഴിതെളിച്ച മാതാപിതാക്കള്‍ക്കും പിന്തുണ നല്‍കിയ ഭാര്യക്കും അവാര്‍ഡ് സമര്‍പ്പിക്കുന്നു.

തനിക്ക് ലഭിച്ച അവാര്‍ഡ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും അവകാശപ്പെട്ടതാണ്. മികച്ച അഭിനയമാണ് ജയസൂര്യ കാഴ്ചവെച്ചത്. അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സൗബിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നിമിഷ സജയന്‍. താന്‍ ചെയ്യുന്ന സിനിമകള്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. ഇതുവരെ ലഭിച്ച സിനിമകളും അതിലെ അണിയറക്കാരും മികവ് പുലര്‍ത്തിയവരാണ്.

മികച്ച കഥാപാത്രങ്ങളാണ് തനിക്ക് ലഭിച്ചിട്ടുള്ളവ. അവാര്‍ഡ് കിട്ടണമെന്ന് നിര്‍ബന്ധമില്ല. നല്ല സിനിമകള്‍ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും നിമിഷ മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ ചെയ്ത ജോലി അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ചോലയില്‍ ഒരു സ്‌കൂള്‍ കുട്ടിയുടെ വേഷമായിരുന്നു.

ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ചോലയിലെ വേഷമാണ്. ഇനിയും കഠിനാധ്വാനം തുടരും. തരുന്ന ജോലി വ്യത്തിയായി ചെയ്യുക മാത്രമാണ് ലക്ഷ്യം. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ടെന്നു നിമിഷ പറഞ്ഞു.