ഇന്ത്യ ആക്രമണം നടത്തിയത് പാക്കിസ്ഥാന്റെ ഭൂമിയിലല്ല; അതെല്ലാം നമ്മുടെ ഇടങ്ങള്‍ തന്നെയാണ്; സുബ്രഹ്മണ്യന്‍ സ്വാമി

single-img
26 February 2019

40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് അഭിനന്ദനവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ആക്രമണം നടത്തിയ ഇടങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ നമ്മുടെ ഇടങ്ങള്‍ തന്നെയാണെന്നും പാക്ക് അധീന കാശ്മീര്‍ എന്നറിയപ്പെടുന്ന ഇടങ്ങളിലാണ് വ്യോമ സേന ആക്രമണം നടത്തിയതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

നമ്മുടെ തന്നെ മേഖലകളില്‍ നമുക്ക് ബോംബുകള്‍ വര്‍ഷിക്കാം. അതില്‍ തെറ്റായി ഒന്നും ഇല്ല. ഇനി അത് അവരുടെ പ്രദേശമാണെന്ന് അവര്‍ വാദിച്ചാലും സ്വയം പ്രതിരോധമെന്ന നിലയില്‍ നമുക്ക് അവരെ ആക്രമിക്കാനുള്ള അവകാശമുണ്ട്. അവര്‍ നമ്മളെ ആക്രമിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഇന്ത്യയെ ആയിരം വെട്ടുവെട്ടി മുറിപ്പെടുത്തണമെന്ന് അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ 1000 ബോംബുകള്‍ അവര്‍ക്ക് നേരെ വര്‍ഷിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയായ കാര്യം തന്നെയാണ്
സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റില്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ഇന്ത്യ ആക്രമണം നടത്തിയത്. ജയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂമുകളും ബോംബ് വര്‍ഷത്തില്‍ തകര്‍ന്നു.

ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തതായി സൈന്യം അവകാശപ്പെട്ടു. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ആയിരം കിലോ സ്‌ഫോടന വസ്തുക്കള്‍ വ്യോമസേന ഉപയോഗിച്ചതായാണ് വിവരം. ആക്രമണം നടത്തി 21 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചെത്തി.

ആദ്യമായാണ് പാക്കിസ്ഥാനില്‍ കടന്നുകയറി ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തുന്നത്. നേരത്തെ കാര്‍ഗില്‍ യുദ്ധത്തിലും മറ്റും പാക് അധീന കാഷ്മീരില്‍ വ്യോമസേന ആക്രമണം നടത്തിയിരുന്നെങ്കിലും പാക്കിസ്ഥാനില്‍ കടന്നിരുന്നില്ല. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ച ശേഷം മിറാഷ് യുദ്ധ വിമാനങ്ങള്‍ സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തി. യുദ്ധ വിമാനങ്ങള്‍ക്ക് സഹായമായി ഡ്രോണുകളും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും ആക്രമണത്തില്‍ പങ്കെടുത്തെന്ന് സൈന്യം പറയുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രം ഏല്‍പിക്കുന്ന ഏതു ദൗത്യവും നടപ്പാക്കാന്‍ തയാറാണെന്നു സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ പ്രകടനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. 137 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുത്തി ദിവസങ്ങള്‍ക്ക് വായുശക്തി എന്ന പേരില്‍ ശക്തിപ്രകടനം നടത്തിയിരുന്നു. സുഖോയ് 30 എംകെഐ, മിറാഷ് 2000, മിഗ്, ജാഗ്വാര്‍, തേജസ് യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും പങ്കെടുത്തിരുന്നു. ഇതില്‍ മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് തിരിച്ചടിക്കാന്‍ ഉപയോഗിച്ചത്.

ഫ്രെഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. എണ്‍പതുകളിലാണ് ഈ കോംപാക്ട് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999 ല്‍ ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്.

ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന് 6.3 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 14.36 മീറ്റര്‍ നീളവും 5.20മീറ്റര്‍ ഉയരവും 9.13മീറ്റര്‍ വിങ്‌സ്പാനുമുള്ള വിമാനത്തിന് ഒരു സൈനികനെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്.

നിലവില്‍ എം2000 എച്ച്, എം2000ടിഎച്ച്, എം2000ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. 2030 ല്‍ ഇതില്‍ ഒട്ടുമിക്ക വിമാനങ്ങളും വിരമിക്കും. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ഇന്ത്യന്‍ വ്യോമസേന ഇതിനിട്ടിരിക്കുന്ന പേര് വജ്ര എന്നാണ്.