കൊല്ലം ജില്ലയിലെ വിവിധ പരിപാടികളില്‍ പ്രസംഗിക്കാതെ മുഖ്യമന്ത്രി; ഉദ്ഘാടനം നടത്തിയ ശേഷം വേദികളില്‍ നിന്ന് ഇറങ്ങിപ്പോയി

single-img
26 February 2019

കൊല്ലം ജില്ലയില്‍ ഇന്നു വിവിധ പദ്ധതികളുടെ ഉദ്ഘാടന പരമ്പരയാണു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കാന്‍ നിശ്ചയിച്ചിരുന്നത്. ജില്ല ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനിടെ സ്വാഗതം പ്രസംഗം നീണ്ടതോടെ മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങുകയായിരുന്നു.

സ്വാഗത പ്രസംഗത്തിനിടെ സി. രാധാമണി നോട്ടീസിലുള്ള 40 ഓളം പേര്‍ക്കും പേരെടുത്ത് സ്വാഗതം പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഇതിനിടെ അധ്യക്ഷയായ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രസംഗം അവസാനിപ്പിക്കാന്‍ അടുത്ത് വന്ന് പറഞ്ഞെങ്കിലും സ്വാഗത പ്രസംഗം തുടര്‍ന്നു.

ഇതോടെ പ്രസംഗം നിര്‍ത്താന്‍ അറിയിച്ച് മുഖ്യമന്ത്രി എഴുന്നേറ്റ് ഭദ്രദീപം തെളിയിക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും വേദിയിലുണ്ടായിരുന്നവരും അടുത്ത യോഗ സ്ഥലത്തേക്ക് മടങ്ങി. പിന്നാലെ, പുനരുദ്ധാരണത്തിനു തിരഞ്ഞെടുത്ത സ്വകാര്യ കശുവണ്ടി വ്യവസായികള്‍ക്കുള്ള പുനര്‍ വായ്പാ വിതരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനത്തിനു വേദിയിലെത്തിയ മുഖ്യമന്ത്രി അവിടെയും പ്രസംഗിച്ചില്ല.

നിലവിളക്കു കൊളുത്തിയ ശേഷം വേദിയിലിരുന്ന മുഖ്യമന്ത്രി, മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷ പ്രസംഗം നടത്തവെ വേദി വിട്ടുപോയി. മുഖ്യമന്ത്രിയുടെ തൊണ്ടയ്ക്കു പ്രശ്‌നമുള്ളതിനാലാണു പ്രസംഗിക്കാതെ പോയതെന്നാണു ഔദ്യോഗിക വിശദീകരണം.

കൊല്ലം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍, മുഖ്യമന്ത്രിക്കു സംസാരിക്കാന്‍ പ്രയാസമുള്ളതിനാല്‍ പ്രസംഗിക്കുന്നില്ലെന്നു മന്ത്രി കെ.രാജു അറിയിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ 1048 വീടുകളുടെ താക്കോല്‍ദാന ചടങ്ങു നിലവിളക്കു കൊളുത്തിയും ഏതാനും ഗുണഭോക്താക്കള്‍ക്കു താക്കോല്‍ കൈമാറിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.