പൊതുവേദിയില്‍ വിക്കനായി ദിലീപ്; വീഡിയോ

single-img
26 February 2019

ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സിനിമയുടെ പ്രചാരണത്തിനായി ദിലീപും സംഘവും ചില തിയേറ്ററുകളിലെത്തുകയും ചെയ്തിരുന്നു. ആരാധകര്‍ ആവേശത്തോടെയാണ് ദിലീപിനെയും സംഘത്തെയും സ്വീകരിച്ചത്.

സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച ദിലീപ്, ചിത്രത്തിലെ കഥാപാത്രമായ ബാലന്‍ വക്കീലിന്റെ വിക്കന്‍ ഡയലോഗിലൂടെയും ആരാധകരെ കൈയിലെടുത്തു. ബി. ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ മംമ്തയാണ് നായിക. കാത്തുനിന്നവര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് ദിലീപ് മടങ്ങിയത്.

കഴിഞ്ഞ ദിവസം, സിനിമയുടെ പ്രചാരണത്തിനിടെ തന്റെ ഉറ്റ സുഹൃത്തായ നാദിര്‍ഷയെക്കുറിച്ച് ആര്‍ക്കുമറിയാത്തൊരു കാര്യം ദിലീപ് വെളിപ്പെടുത്തിയിരുന്നു. കുട്ടിക്കാലത്ത് നാദിര്‍ഷയ്ക്ക് വിക്ക് ഉണ്ടായിരുന്നെന്നും സ്വപ്രയത്‌നത്തിലൂടെ അതു മാറ്റിയെടുത്താണ് ഉയരങ്ങളിലെത്തിയതെന്നും ദിലീപ് പറഞ്ഞു.

ബാലന്‍ വക്കീലിനെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ദിലീപിനു പ്രചോദനമായതും നാദിര്‍ഷയാണ്. വിക്ക് ഉണ്ടായിരുന്ന സമയത്തെ നാദിര്‍ഷയുടെ ചില മാനറിസങ്ങളാണ് ദിലീപ് ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

‘എട്ടാം ക്ലാസ്സുവരെ നന്നായി വിക്ക് ഉണ്ടായിരുന്ന ആളാണ് നാദിര്‍ഷ. എന്നാല്‍ പാട്ടു പാടുമ്പോള്‍ അദ്ദേഹത്തിന് വിക്ക് അനുഭവപ്പെട്ടിരുന്നില്ല. ഞാന്‍ പരിചയപ്പെടുന്ന സമയത്തും കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വിക്ക് അനുഭവപ്പെടുകയാണെങ്കില്‍ കൈ ഞൊടിച്ചാണ് അദ്ദേഹം അതിനെ മറികടന്നിരുന്നത്.

ആദ്യം ഈ കൈ ഞൊടിയുടെ കാര്യം എനിക്കു മനസ്സിലായില്ലായിരുന്നു. ഇവന്‍ എന്തിനാണ് ഇടയ്ക്കിടെ കൈ ഞൊടിക്കുന്നതെന്നായിരുന്നു എന്റെ ചിന്ത. പിന്നെ എനിക്ക് അതു മനസ്സിലായി. പക്ഷേ നിങ്ങള്‍ നോക്കൂ, ആ നാദിര്‍ഷയ്ക്ക് ഇപ്പോള്‍ വിക്ക് ഇല്ല. അവന്‍ അത് ഒരുപാടു പരിശ്രമിച്ചു മാറ്റിയെടുത്തു.

അവന്‍ ഇപ്പോള്‍ എവിടെയെത്തി. സംവിധാനം പഠിക്കാന്‍ പോയത് ഞാനാണെങ്കിലും സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത് അവനാണ്. കേരളത്തിലെ എടുത്ത് പറയേണ്ട പാട്ടുകാരന്‍, അതും ബഹളമുള്ള പാട്ടുകളുടെ പാട്ടുകാരന്‍.’ ദിലീപ് പറഞ്ഞു.

ജീവിതത്തോട് അടുത്തു നില്‍ക്കുന്ന വേഷങ്ങളാണ് കൂടുതല്‍ സംതൃപ്തി തരുന്നത്. മാത്രമല്ല ഇത്തരം വ്യത്യസ്ത പുലര്‍ത്തുന്ന കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതു മറ്റുള്ളവര്‍ക്കു പ്രചോദനമാകാനും ഞാന്‍ ശ്രമിക്കാറുണ്ടെന്നും ദിലീപ് പറഞ്ഞു.