കൊലക്കേസിൽ പ്രതിയാണെങ്കിലും ജീവിതം ജയിലിലാണെങ്കിലും ആഘോഷങ്ങൾക്കു ഒട്ടും കുറവു വരുത്താതെ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി; ടിക്ടോക് ആഘോഷ വീഡിയോകൾ പുറത്ത്

single-img
25 February 2019

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായി വിയ്യൂർ സെന്‍ട്രൽ ജയിലിലാണെങ്കിലും ആഘോഷങ്ങൾക്ക് ഒരു കുറവും വരുത്താതെ മുഹമ്മദ് ഷാഫി. ഷാഫിയുടെ ടിക്ടോക് അക്കൗണ്ടിലുള്ള സ്വന്തം വീഡിയോകളാണ് ഇത് ശരിവയ്ക്കുന്നത്.  ജയിലിൽ നിന്ന് അടിയന്തര പരോളില്‍ പുറത്തിറങ്ങിയ ശേഷം യുവതികൾക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഷാഫിയുടെ ടിക്ടോക് വീഡിയോയും പുറത്താകുന്നത്.

വിയ്യൂർ സെന്‍ട്രൽ ജയിലിൽ നിന്ന് അടിയന്തര പരോളില്‍ പുറത്തിറങ്ങിയ ശേഷം മുഹമ്മദ് ഷാഫി പങ്കെടുത്ത ചടങ്ങിലാണു ചടുലതാളത്തിൽ നൃത്തം ചെയ്ത് ആനന്ദിച്ച് വിവാദം ക്ഷണിച്ചുവരുത്തിയ്. ഷാഫിക്കൊപ്പം യുവതികളും നൃത്തം ചെയ്യുന്നതും വിഡിയോയിൽ വന്നിരുന്നു. ഷാഫിക്കൊപ്പം കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും പരോൾ അനുവദിച്ചിരുന്നു. ടിപി വധക്കേസ് പ്രതികൾക്ക് സിപിഎം വഴിവിട്ട സഹായങ്ങളും പരോളുകളും അനുവദിക്കുന്നതായി മുൻപു തന്നെ ആക്ഷേപം ഉയർന്നിരുന്നു.

ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖബാധിതനെന്നു പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. രണ്ടാംപ്രതിയായ കിർമാണി മനോജ് കഴിഞ്ഞ തവണ പരോളിൽ ഇറങ്ങി രണ്ടു കുട്ടികളുള്ള യുവതിയെ വിവാഹം ചെയ്തതും വാർത്തയായിരുന്നു. ഇവയ്ക്കു പിന്നാലെയാണ് ഷാഫിയുടെ ടിക്ടോക് ആഘോഷങ്ങൾ ജനശ്രദ്ധയിലെത്തുന്നത്.

ടിപി കേസിലെ പ്രതിയായ പി.കെ. കുഞ്ഞനന്തനു വഴിവിട്ട് പരോൾ അനുവദിക്കുന്നതിനെ ഹൈക്കോടതി തന്നെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ പരോളിനിറങ്ങിയ കൊടി സുനി പുതിയ േകസിൽ അറസ്റ്റിലായതും വലിയ രോഷമാണു സർക്കാരിനെതിരെ ഉയർത്തിയത്.