ഇത്ര കഴിവുകളുള്ള വിമാനം രാജ്യത്തിന് വേണമെന്നു പറഞ്ഞ് സംഘപരിവാറുകാര്‍ പ്രചരിപ്പിച്ച ആ വിമാനം റഫാലല്ല; റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന കളിവിമാനം

single-img
25 February 2019

ദേശീയ തലത്തില്‍ തന്നെ ഫെയ്‌സ്ബുക്കിലും യൂടൂബിലും വാട്‌സ്ആപ്പിലുമെല്ലാം കഴിഞ്ഞ ദിവസം വ്യാപകമായി റഫാല്‍ വിമാനമെന്ന പേരില്‍ ഒരു വിമാനത്തിന്റെ വീഡിയോ വൈറലായിരുന്നു. ആകാശത്ത് പറന്ന് കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസപ്രകടനം നടത്തുന്ന ഈ വിമാനം റഫാലാണെന്നും ഇത്ര കഴിവുകളുള്ള ഈ വിമാനം രാജ്യത്തിന് വേണമെന്നും ആവശ്യപ്പെടുന്ന കുറിപ്പുകളോട് കൂടിയാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്.

റഫാല്‍ വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്നവരാണ് വീഡിയോ കൂടുതല്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ ഈ പ്രചരണം പൊളിച്ചടുക്കിയിരിക്കുകയാണ്. വീഡിയോയുടെ അവസാന ഭാഗത്ത് വിമാനത്തിന്റെ പുറകുവശത്ത് ഫ്‌ളെക്‌സ് എന്ന് എഴുതിയിരിക്കുന്നതാണ് വീഡിയോയുടെ യാഥാര്‍ഥ്യം കണ്ടുപിടിക്കാന്‍ സഹായിച്ചത്.

ഫ്‌ളെക്‌സ് പ്ലെയിന്‍സ് എന്ന് യൂടൂബില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ചത് ഇത്തരത്തിലുള്ള വിമാനങ്ങളുടെ അഭ്യാസങ്ങളുടെ നിരവധി വീഡിയോകളാണ്. റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളുടെ ചെറുപതിപ്പുകളും റേഡിയോ കണ്‍ട്രോള്‍ഡ് ഉപകരണങ്ങളും നിര്‍മ്മിക്കുന്ന ഫ്‌ളെക്‌സ് ഇന്നൊവേഷന്‍സ് എന്ന കമ്പനിയാണ് ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തില്‍ ഈ വൈറല്‍ വീഡിയോയുടെ പൂര്‍ണ രൂപം കമ്ബനിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഇന്ത്യാ ടുഡേയ്ക്ക് ലഭിച്ചു.