‘സമാധാനത്തിന് ഒരു അവസരം തരൂ’: മോദിയോട് ഇമ്രാന്‍ ഖാന്‍

single-img
25 February 2019

അതിര്‍ത്തിയില്‍ സമാധാനത്തിന് അവസരം നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തേണ്ട കാര്യം മോദി മറന്നുപോയിരിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയാല്‍ ശക്തമായ നടപടിയെടുക്കുമെന്നും ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് പാക് തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു. ഒരു പഠാന്റെ മകനാണെങ്കില്‍ പുല്‍വാമയില്‍ നടപടിയെടുക്കാന്‍ മോദി ഇമ്രാന്‍ ഖാനെ വെല്ലുവിളിച്ചിരുന്നു.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തിരിച്ചടി നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. ഇന്ത്യയുമായി യുദ്ധമുണ്ടാവുകയാണെങ്കില്‍ പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കാന്‍ തയ്യാറെടുപ്പ് തുടങ്ങാന്‍ ആശുപത്രികള്‍ക്ക് പാക് സേന നിര്‍ദ്ദേശം നല്‍കിയിരുന്നു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തു. പാകിസ്ഥാന്‍ കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഇമ്രാന്‍ ഖാന്‍ യോഗം വിളിച്ചത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള നിലപാട് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്.

ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കണം. പ്രത്യാക്രമണത്തിനായി പാക് സേനയ്ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും പാക് പ്രധാനമന്ത്രി സേനയ്ക്ക് നിര്‍ദേശം നല്‍കി. പാക് പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സേന കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് കടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെയും തെളിവ് കൈമാറിയാല്‍ നടപടിയെടുക്കാമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാനല്ലെന്നും കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഭീകരാക്രമണം കൊണ്ട് പാകിസ്ഥാന് എന്ത് ഗുണമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പാകിസ്ഥാന്റെ മണ്ണില്‍നിന്നുള്ള ആരും അക്രമം പടര്‍ത്തരുതെന്നുള്ളത് പാക് സര്‍ക്കാരിന്റെ താല്‍പ്പര്യമാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.